ഹരിദ്വാറില്‍ പള്ളി വളപ്പില്‍ അതിക്രമിച്ച് കയറി ഹിന്ദുത്വരുടെ പോര്‍വിളി; ജയ്ശ്രീരാം വിളിച്ച് നമസ്‌കാരം തടസ്സപ്പെടുത്തി (വീഡിയോ)

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റോഷ്‌നാബാദ് പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്രസയും പള്ളിയും നില്‍ക്കുന്നിടത്താണ് അതിക്രമമുണ്ടായത്. സംഭവം പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Update: 2021-06-21 14:37 GMT

ന്യൂഡല്‍ഹി: ഹരിയാനയില്‍ പള്ളി വളപ്പില്‍ അതിക്രമിച്ച് കയറി തീവ്രഹിന്ദുത്വ സംഘമായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ പോര്‍വിളി. സംഘം മതപരവും വിദ്വേഷകരവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കി നമസ്‌കാരം തടസ്സപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ ജില്ലയിലെ റോഷ്‌നാബാദ് പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്രസയും പള്ളിയും നില്‍ക്കുന്നിടത്താണ് അതിക്രമമുണ്ടായത്. സംഭവം പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനായി ആളുകള്‍ മദ്രസയില്‍ ഒരുമിച്ച് കൂടിയപ്പോഴാണ് സംഭവം നടന്നതെന്ന് സിഡ്കുല്‍ പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ മനീഷ് നേഗി പറഞ്ഞു. വെള്ളിയാഴ്ച നമസ്‌കാരത്തിനായി പ്രദേശവാസികളല്ലാത്തവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇവിടെ കൂടിയിരുന്നു. ഇതിനെതിരേ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ലോക്കല്‍ പോലീസും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. സംഭവത്തില്‍ ഇതുവരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും എന്നാല്‍ ഇത് അന്വേഷിക്കുകയാണെന്നും നേഗി പറഞ്ഞു.

ഹിന്ദുത്വ സംഘം മദ്രസ-പള്ളി അങ്കണത്തിലേക്ക് ഇരച്ചുകയറുന്നതും പോലിസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ 'ജയ് ശ്രീ റാം', 'ഹര്‍ ഹര്‍ മഹാ ദേവ്', 'ഭാരത് മാതാ കി ജയ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതും വീഡിയോയില്‍ കാണാം. ജുമുഅ തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മുന്‍ കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ അക്രമമാണിതെന്ന് ജംഇയത്തുല്‍ ഉലമാ ഏ ഹിന്ദ് അംഗം മൗലാന ആരിഫ് ഖാസിമി ആരോപിച്ചു.

ഹിന്ദു ആധിപത്യമുള്ള പ്രദേശത്തെ വനത്തിനടുത്താണ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഗുജാര്‍ സമുദായത്തില്‍ നിന്നുള്ള ഏതാനും മുസ്ലീം ഗോത്ര കുടുംബങ്ങളും താമസിക്കുന്നു. അവര്‍ കന്നുകാലികളെ ഉപജീവനത്തിനായി വളര്‍ത്തുന്നു.ഏതാനും ഏക്കര്‍ സ്ഥലം വാങ്ങി നിരവധി വര്‍ഷങ്ങളായി മുസ്‌ലിംകള്‍ അവിടെ താമസിക്കുന്നുണ്ടെന്ന് ഖാസിമി പറയുന്നു. കുട്ടികള്‍ക്ക് മത വിദ്യാഭ്യാസം നല്‍കുന്നതിനായി മസ്ജിദും മദ്രസയും ആയി ഒരു ചെറിയ കെട്ടിടവും ഇവിടെയുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സിഡ്കുല്‍ പോലിസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ എത്തുകയും മുസ്ലീങ്ങളോട് അവരുടെ ഭൂമിയുടെ രേഖകളുമായി പോലീസ് സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം രണ്ട് പോലിസുകാരും ഒരു റവന്യൂ ഉദ്യോഗസ്ഥനും സ്ഥലം സന്ദര്‍ശിച്ചതായും വസ്തുതകള്‍ വിലയിരുത്തിയ ശേഷം അത് തങ്ങളുടെ സ്വന്തം ഭൂമിയാണെന്നു സമ്മതിക്കുകയും പ്രാര്‍ത്ഥന തുടര്‍ന്നും നടത്താമെന്ന് അറിയിക്കുകയും ചെയ്തിരുന്നതായി ഖാസിമി പറഞ്ഞു.

150 ഓളം വരുന്ന ഹിന്ദുത്വ സംഘമാണ് പള്ളിവളപ്പില്‍ അതിക്രമിച്ച് കയറിയത്.പ്രാദേശിക മുസ്‌ലിംകളെ അവര്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെരിപ്പ് ധരിച്ച് പള്ളിക്കുള്ളില്‍ കയറി മുദ്രാവാക്യം മുഴക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Tags:    

Similar News