ഹൈന്ദവ ദേവതകളെ 'അശ്ലീല രീതിയില്‍' കാണിക്കുന്നു; കാമസൂത്രയുടെ പകര്‍പ്പ് കത്തിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍
പുസ്തക വില്‍പന തുടര്‍ന്നാല്‍ അടുത്ത തവണ കടയും കത്തിക്കുമെന്ന് ഈ ഹിന്ദുത്വ സംഘം സ്‌റ്റോര്‍ ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ പുസ്തകക്കടയ്ക്ക് മുമ്പില്‍ കാമസൂത്രയുടെ പകര്‍പ്പുകള്‍ കത്തിച്ച് തീവ്രഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദളിന്റെ പ്രവര്‍ത്തകര്‍. ഈ പുസ്തകം ഹിന്ദു ദൈവങ്ങളെ 'അശ്ലീല രീതിയില്‍' കാണിക്കുന്നുവെന്ന് ആരോപിച്ചാണ് സംഘം പുസ്തകം കത്തിച്ചത്. പുസ്തക വില്‍പന തുടര്‍ന്നാല്‍ അടുത്ത തവണ കടയും കത്തിക്കുമെന്ന് ഈ ഹിന്ദുത്വ സംഘം സ്‌റ്റോര്‍ ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
'ജയ് ശ്രീ റാം', 'ഹര്‍ ഹര്‍ മഹാദേവ്' എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് സംഘം പുസ്തകം കത്തിച്ചത്. പുസ്തകത്തിലെ 'അശ്ലീല ദൃശ്യങ്ങള്‍' കാണിച്ചുകൊണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പുസ്തകശാലയ്ക്കുള്ളില്‍ ചിത്രീകരിച്ച വീഡിയോ സംഘം പ്രചരിപ്പിക്കുകയും ചെയ്തു. ഹൈന്ദവ ദേവതകളെ 'അശ്ലീലമായ രീതിയിലാണ്' ചിത്രീകരിച്ചിരിക്കുന്നതെന്ന് സംഘം ആരോപിച്ചു.
പ്രാചീന ഇന്ത്യന്‍ തത്ത്വചിന്തകനായ വാത്സ്യായനന്‍ സംസ്‌കൃതത്തില്‍ എഴുതിയ കാമസൂത്ര, പ്രണയത്തിനും ലൈംഗികതയ്ക്കും വേണ്ടി എഴുതിയ പ്രശസ്തമായ കൃതിയാണ്.