മതപരിവര്‍ത്തന നിരോധന നിയമം: സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ്

Update: 2021-12-21 02:43 GMT

ബെംഗളൂരു: മതപരിവര്‍ത്തന നിരോധന ബില്ലിന് അനുമതി നല്‍കിയ കര്‍ണാടക സര്‍ക്കാര്‍ നടപടിയില്‍ വലിയ നിരാശയുണ്ടെന്ന് ബെംഗളൂരു ആര്‍ച്ച് ബിഷപ്പ് റവ. പീറ്റര്‍ മച്ചാഡോ. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് തുറന്നടിച്ചു. ക്രൈസ്തവര്‍ക്കും ദലിത്, മുസ്‌ലിം വിഭാഗങ്ങള്‍ക്കും എതിരായ അക്രമങ്ങള്‍ വര്‍ധിക്കുന്നതിന് നിയമം കാരണമാകുമെന്ന് ആശങ്കയുള്ളതായി ആര്‍ച്ച് ബിഷപ്പ് വ്യക്തമാക്കി.

ബില്ലിനെതിരേ നേരത്തെ ആര്‍ച്ച് ബിഷപ്പ് കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്ന. മൂന്ന് നിവേദനങ്ങളാണ് ഇത് സംബന്ധിച്ച് ബിഷപ്പ് മുഖ്യമന്ത്രിക്ക് അയച്ചത്. 'അനഭിലഷണീയവും വിവേചനപരവുമായ' ബില്ലിനെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ബിഷപ്പ് കാബിനറ്റിനോട് അഭ്യര്‍ത്ഥിച്ചത്. എന്നാല്‍, ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് ബിജെപി സര്‍ക്കാരിന്റെ നടപടി.

'നിര്‍ബന്ധിത മതപരിവര്‍ത്തനം' നിരോധിക്കുന്നതിനുള്ള നിര്‍ദ്ദിഷ്ട നിയമത്തെ സംസ്ഥാനത്തെ ക്രിസ്ത്യന്‍ സമൂഹം ഒറ്റ സ്വരത്തില്‍ എതിര്‍ക്കുന്നുവെന്ന് മച്ചാഡോ ചൂണ്ടിക്കാട്ടി.

നേരത്തെ ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം പാസാക്കിയിരുന്നു. അതിന് പിന്നാലെയാണ് സമാന നിലപാടുമായി കര്‍ണാടക സര്‍ക്കാറും രംഗത്തെത്തിയത്. ഉത്തര്‍പ്രദേശ് മാതൃകയിലാണ് കര്‍ണാടകയിലെയും നിയമം. നിര്‍ബന്ധിത മതം മാറ്റം നടത്തുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും നിര്‍ദേശിക്കുന്നതാണ് ബില്‍. അതിന് പുറമെ, നിയമപരമായ മതം മാറ്റത്തിനും കടമ്പകളേറെ. ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുക. കഴിഞ്ഞ ദിവസമാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്.

സര്‍ക്കാരിന് വ്യക്തമായ ഭൂരിപക്ഷം ഉള്ളതിനാല്‍ നിയമസഭയിലും നിയമനിര്‍മ്മാണ കൗണ്‍സിലിലും ബില്‍ പാസാകും. എന്നാല്‍ ബില്ലിനെതിരെ കോണ്‍ഗ്രസും ജെഡിഎസും സഭയില്‍ ശക്തമായ പ്രതിഷേധം അറിയിക്കും. കര്‍ശന വ്യവസ്ഥകളുള്ള ബില്ലിന് മന്ത്രിസഭ ഇന്നലെയാണ് അനുമതി നല്‍കിയത്. ക്രൈസ്തവ സംഘടനകളുടെ അടക്കം എതിര്‍പ്പുകള്‍ക്കിടെയാണ് സര്‍ക്കാര്‍ നീക്കം.നിര്‍ബന്ധിച്ച് മതംമാറ്റുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

Tags:    

Similar News