'ലൗ ജിഹാദ്' നിയമം: യുപിയില്‍ ഇതുവരെ കേസെടുത്തത് 340 പേര്‍ക്കെതിരേ; ഇരകളില്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളും ദലിതരും

Update: 2021-11-25 14:35 GMT

ലഖ്‌നോ: പ്രണയവിവാഹത്തെ 'ലൗ ജിഹാദ്' എന്ന് മുദ്രകുത്തി ജാമ്യമില്ലാ നിയമപ്രകാരം ജയിലിലടയ്ക്കുന്ന ഉത്തര്‍പ്രദേശിലെ പുതിയ 'ലൗ ജിഹാദ്' നിയമം നിലവില്‍ വന്നശേഷം ഇതുവരെ 340 പേര്‍ക്കെതിരേ കേസെടുത്തതായി റിപോര്‍ട്ട്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നിരപരാധികളായ പലര്‍ക്കെതിരേയും യുപി പോലിസ് കേസെടുത്തിരിക്കുന്നത്. യുപി സര്‍ക്കാരിന്റെ കിരാത നിയമത്തിന്റെ പിടിയില്‍പ്പെട്ട പലരും ഇന്നും ജയിലറയ്ക്കുള്ളില്‍ കഴിയുകയാണ്. കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന 'ലൗ ജിഹാദ്' നിയമത്തിന്റെ ഇരകളില്‍ ഏറിയ പങ്കും മുസ്‌ലിംകളാണ്.

ക്രിസ്ത്യാനികളെയും ദലിതരെയും ഈ നിയമത്തില്‍ കുടുങ്ങി യുപി പോലിസ് ജയിലില്‍ അടച്ചിട്ടുണ്ട്. ഇതുവരെ 108 എഫ്‌ഐആറുകളിലൂടെയാണ് 340 പേര്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. ഉത്തര്‍പ്രദേശ് പോലിസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 189 പേരെ അറസ്റ്റ് ചെയ്യുകയും 72 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 77 ഇരകളെങ്കിലും മജിസ്‌ട്രേറ്റിന് മുന്നില്‍ തങ്ങളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്തതായി മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പോലിസിന്റെ വാദം. ബറേലി പോലിസ് സോണിലെ ആറ് കേസുകള്‍ ഉള്‍പ്പെടെ 11 കേസുകളില്‍ അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ചതായി പോലിസ് വക്താവ് വ്യക്തമാക്കി.

ഷാജഹാന്‍പൂര്‍ ജില്ലയില്‍ രണ്ട് ക്രിസ്ത്യാനികളും രണ്ട് ദലിതരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ 'ലൗ ജിഹാദ്' നിയമപ്രകാരം കേസെടുത്തു. മൊറാദാബാദില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ രണ്ട് പുരുഷന്‍മാര്‍ക്കെതിരെ കേസെടുത്തെങ്കിലും മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയില്‍ യുവതി കുറ്റം നിഷേധിച്ചിരുന്നു. ബറേലി പോലിസ് സോണിലാണ് ഏറ്റവും കൂടുതല്‍ എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്- 28 എണ്ണം. ഏറ്റവും കൂടുതല്‍ കുറ്റപത്രം സമര്‍പ്പിച്ചത് മീററ്റ് പോലിസ് സോണിലാണ്. 18 കേസുകളിലാണ് ഇവിടെ കുറ്റപത്രം കോടതിയില്‍ നല്‍കിയിട്ടുള്ളത്. 'ലൗ ജിഹാദ്' നിയമപ്രകാരം കേസെടുത്തതില്‍ 31 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്ന് പോലിസ് പറയുന്നു.

'ലൗ ജിഹാദ്' നിയമപ്രകാരം പോലിസ് കേസില്‍പ്പെടുത്തിയവരില്‍ പലരും നിരപരാധികളാണ്. ബന്ധുക്കളെ ഭീഷണിപ്പെടുത്തി പരാതി വാങ്ങിയശേഷം പോലിസ് അറസ്റ്റുചെയ്ത് 'ലൗ ജിഹാദ്' കേസില്‍പ്പെടുത്തുന്നുവെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 'ലൗ ജിഹാദ്' നിയമവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ വ്യക്തികളെ ഉപദ്രവിക്കരുതെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കണമെന്നും എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും പോലിസ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിജിപി ആസ്ഥാനത്തെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മുസ്‌ലിം മിറര്‍ റിപോര്‍ട്ട് ചെയ്തു.

തീര്‍പ്പാക്കാത്ത കേസുകളില്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിലും സമാന നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും ഉത്തര്‍പ്രദേശിലാണ് പ്രണയിച്ച് നിര്‍ബന്ധിത മതം മാറ്റത്തിന് ശ്രമിച്ചെന്നാരോപിച്ച് മുസ്‌ലിംകളെ വ്യാപകമായി വേട്ടയാടുന്നത്. ഉത്തര്‍പ്രദേശില്‍ പുതിയ 'ലൗ ജിഹാദ് നിയമം' പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ 2021 ജനുവരി വരെ അറസ്റ്റിലായ 86 പേരില്‍ 79 പേരും മുസ്‌ലിംകളായിരുന്നു.

ഒരു കേസില്‍, 21 വയസ്സുകാരിയായ ഹിന്ദു യുവതിയെ ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചെന്നാരോപിച്ച് അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ മുസ്‌ലിം യുവാവിന്റെ കുടുംബത്തിലെ 26 പേര്‍ക്കെതിരേ കേസെടുത്തത് വലിയ വിവാദമായിരുന്നു. 2017 നവംബറിലാണ് വിവാഹം നടന്നതെങ്കിലും ഈയിടെ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ പുതിയ നിയമം ചുമത്തുകയായിരുന്നു. പലപ്പോഴും 'ലൗ ജിഹാദ്' ആരോപിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം യുവാക്കളെ ആക്രമിച്ച് പോലിസിന് കൈമാറുകയാണു ചെയ്യുന്നത്. നിയമം ഏതെങ്കിലും പ്രത്യേക മതത്തിനെതിരെയല്ലെന്നും എല്ലാ മതങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നുമാണ് യോഗി സര്‍ക്കാരിന്റെ വാദം.

Tags:    

Similar News