ബംഗളൂരു: എസ്ഡിപിഐയ്‌ക്കെതിരായ പ്രചാരണം പോലിസ് വീഴ്ച മറച്ചുവയ്ക്കാന്‍-ഇല്യാസ് തുമ്പെ

Update: 2020-08-13 07:57 GMT

പി സി അബ്ദുല്ല

ബംഗളൂരുഃ ബംഗളൂരുവിലെ ഡിജെ ഹള്ളിയിലുണ്ടായ നിര്‍ഭാഗ്യകരമായ സംഭവത്തില്‍ എസ് ഡിപിഐയെ പ്രതിക്കൂട്ടിലാക്കുന്ന പ്രചാരണം നടത്തുന്നത് പോലിസ് വീഴ്ച മറച്ചുവയ്ക്കാനാണെന്ന് എസ് ഡിപിഐ കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ഇല്യാസ് തുമ്പെ. മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം അത്യന്തം ഖേദകരമാണ്. നിരന്തരമായി ഇസ് ലാമിക വിരുദ്ധ പോസ്റ്റുകളിട്ടുന്ന നവീന്‍ എന്ന വ്യക്തിക്കെതിരേ പോലിസ് നടപടിയെടുക്കാതിരുന്നതാണ് സംഘര്‍ഷത്തിന്റെ യഥാര്‍ഥ കാരണമെന്നും ഇല്യാസ് തുമ്പെ തേജസ് ന്യൂസിനോട് പറഞ്ഞു. പ്രവാചക നിന്ദ നടത്തി ഇട്ട പോസ്റ്റിനെതിരേ പോലിസ് സ്റ്റേഷനില്‍ പരാതി കൊടുത്തപ്പോള്‍ തല്‍ക്ഷണം നടപടിയെടുക്കുന്നതിനു പകരം സമയം നല്‍കാനാണ് ആവശ്യപ്പെട്ടത്.

    എന്നാല്‍ രാത്രി പതിനൊന്നര വരെയും നവീനിനെതിരേ ഒരു നടപടിയും എടുത്തില്ല. സ്ഥലം എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ മരുമകന്‍ എന്ന സ്വാധീനം കാരണമാണ് നടപടിയെടുക്കാന്‍ വൈകിയത്. നവീന്‍ എന്ന വ്യക്തിയുടെ അത്യന്തം പ്രകോപനപരമായ വര്‍ഗീയ പരാമര്‍ശമാണ് മൂന്ന് വിലപ്പെട്ട ജീവനെടുക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. പ്രകോപിതരായ ജനക്കൂട്ടത്തെ സമാധാനിപ്പിക്കാന്‍ പോലിസിനൊപ്പം പ്രവര്‍ത്തിച്ച എസ്ഡിപിഐ ജില്ലാ പ്രസിഡന്റിനെതിരേ തന്നെ കേസെടുക്കുകയും കസ്റ്റഡിയില്‍ വയ്ക്കുകയുമാണ് പോലിസ് ചെയ്തിരിക്കുന്നത്. നിയമം കൈയിലെടുക്കാതെ ജനങ്ങള്‍ സമാധാനപരമായി പിരിഞ്ഞു പോവണമെന്ന് ആഹ്വാനം ചെയ്യുന്ന മുസമ്മില്‍ പാഷയുടെ വീഡിയോ നമ്മള്‍ എല്ലാവരും കണ്ടതാണ്. പോലിസിന്റെയും ഇന്റലിജന്‍സിന്റെയും സര്‍ക്കാറിന്റെയും വീഴ്ചകള്‍ മറച്ചുവയ്ക്കാനാണ് പോലിസ് ഇങ്ങനെ ചെയ്തതെന്നും ഇല്യാസ് തുമ്പെ പറഞ്ഞു.

Bangalore: Campaign against SDPI to cover up police fall: Ilyas Thumpe



Tags:    

Similar News