ബത്തേരി കോഴക്കേസ്: കെ സുരേന്ദ്രനെതിരേ തെളിവ് പുറത്തുവിട്ടത് മുതല്‍ ആര്‍എസ്എസ് വേട്ടയാടുന്നു- പ്രസീത അഴീക്കോട്
കണ്ണൂര്‍: ബത്തേരി കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ ആരോപണവുമായി പ്രസീദ അഴീക്കോട്. സുരേന്ദ്രനെതിരേ തെളിവുകള്‍ പുറത്തുവിട്ടത് മുതല്‍ ആര്‍എസ്എസ് തന്നെ വേട്ടയാടുകയാണെന്ന് പ്രസീത അഴീക്കോട് ആരോപിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ കെ സുരേന്ദ്രന്‍ പരമാവധി ശ്രമം നടത്തി. എങ്കിലും ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം ശശിയായ ദിശയില്‍ കൊണ്ടുപോവാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചു.
താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും വേഗത്തില്‍ കുറ്റപത്രം തയ്യാറായതില്‍ സന്തോഷമുണ്ടെന്നും പ്രസീത പറഞ്ഞു. ശരിയായ ദിശയിലാണ് അന്വേഷണം നടന്നത്. കെ സുരേന്ദ്രന്‍ ശിക്ഷിക്കപ്പെടും. സുരേന്ദ്രനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ആര്‍എസ്എസ് നിരന്തരം തന്നെ വേട്ടയാടി. ഭീഷണി ഇപ്പോഴും തുടരുകയാണ്. തിരഞ്ഞെടുപ്പ് കോഴക്കേസില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുരേന്ദ്രനെതിരെ നടപടിയെടുക്കണമെന്നും പ്രസീത അഴീക്കോട് ആവശ്യപ്പെട്ടു.