കെ സുരേന്ദ്രനെതിരേ കുരുക്ക് മുറുകുന്നു; പണവുമായി ഹോട്ടലിലെത്താന്‍ സെക്രട്ടറിയോട് പറയുന്ന ശബ്ദരേഖകള്‍ പുറത്തുവിട്ട് പ്രസീത
ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകള്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടു.
കല്‍പറ്റ: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാനത്ത് ബിജെപി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമൊഴുക്കിയെന്ന ആരോപണത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരേ കുരുക്ക് മുറുകുന്നു. ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ കൈമാറിയെന്ന് തെളിയിക്കുന്ന കൂടുതല്‍ ശബ്ദരേഖകള്‍ ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ടു.
പണവുമായി ഹോട്ടലിലെത്താന്‍ സുരേന്ദ്രന്റെ സെക്രട്ടറിയോട് സി കെ ജാനു നിര്‍ദ്ദേശിക്കുന്ന ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നത്. സി കെ ജാനുവിന് പണം കൈമാറുന്നതിന് മുന്‍പ് പലതവണ തന്റെ ഫോണിലേക്ക് സുരേന്ദ്രന്‍ വിളിച്ചിരുന്നുവെന്നും പ്രസീത പറയുന്നു. ഇതിന്റെ വിവരങ്ങളും പ്രസീത പുറത്തുവിട്ടിട്ടുണ്ട്. ഹൊറൈസന്‍ ഹോട്ടസിന്റെ 503ാം നമ്പര്‍ മുറിയിലെത്താന്‍ ജാനു പ്രസീതയുടെ ഫോണില്‍ നിന്നും സുരേന്ദ്രന്റെ സെക്രട്ടറിയോട് ആവശ്യപ്പെട്ടതിന്റെ എല്ലാ തെളിവുകളും തന്റെ പക്കലുണ്ടെന്ന് പ്രസീത പറയുന്നു.
ഫോണ്‍ റെക്കോര്‍ഡില്‍ സൂചിപ്പിച്ച പ്രകാരം തന്നെ ഹോട്ടല്‍ മുറിയില്‍വെച്ച് 10 ലക്ഷം രൂപ ജാനുവിന് കൈമാറിയെന്നാണ് പ്രസീത പറയുന്നത്. സുരേന്ദ്രന്റെ വിജയ യാത്രയ്ക്കിടയില്‍ മാര്‍ച്ച് മൂന്നിന് കൂടിക്കാഴ്ച്ചയ്ക്ക് സമയം ഒരുക്കാന്‍ പ്രസീതയോട് സുരേന്ദ്രന്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ ശബ്ദരേഖകളും വാട്ട്‌സ്ആപ്പ് ചാറ്റിന്റെ വിശദാംശങ്ങളും പ്രസീത പുറത്തുവിട്ടതോടെ ബിജെപി സംസ്ഥാന നേതൃത്വം കൂടുതല്‍ സമ്മര്‍ദ്ദത്തിലാകുകയാണ്.
ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് തന്നെ വിളിച്ചിട്ടുണ്ടാവാമെന്നും ഇക്കാര്യം തനിക്ക് ഓര്‍മ്മയില്ലെന്നുമാണ് സുരേന്ദ്രന്‍ മുമ്പ് പറഞ്ഞിരുന്നത്.