ബത്തേരി കോഴ വിവാദം: ബിജെപിയില്‍ തര്‍ക്കം രൂക്ഷം; ഹിന്ദു ഐക്യവേദി വയനാട് ജില്ലാ സെക്രട്ടറി രാജിവച്ചു
ബിജെപി വയനാട് ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്ത യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാര്‍ എന്നിവരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
സുല്‍ത്താന്‍ ബത്തേരി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സി കെ ജാനുവും ഉള്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി കോഴ വിവാദത്തില്‍ വയനാട് ബിജെപി ജില്ലാ ഘടകത്തില്‍ വീണ്ടും പൊട്ടിത്തെറി. ബിജെപി വയനാട് ജില്ലാ സെക്രട്ടറിയുടെ സാമ്പത്തിക ഇടപാട് ചോദ്യം ചെയ്ത യുവമോര്‍ച്ച നേതാക്കളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം രാജിവച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാര്‍ എന്നിവരെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
ഈ വിഷയത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ നിരവധി യുവമോര്‍ച്ചാ നേതാക്കളും, പ്രവര്‍ത്തകരും മറ്റു ബിജെപി ഉപസംഘടനാ പ്രവര്‍ത്തകരും രാജിവച്ചിരുന്നു. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ കുറച്ചുനാളുകളായി പരിവാര്‍ പ്രസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ഒരു പ്രവര്‍ത്തകനെന്ന നിലയില്‍ മനസ്സിനെ മുറിവേല്‍പ്പിക്കുന്നതാണെന്ന് ഫേസ്ബുക്കിലൂടെ സജിത്ത് കക്കടം അറിയിച്ചു.
ഹിന്ദു ഐക്യവേദിയില്‍ നാളിതുവരെ സമാജസേവക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കാന്‍ തയ്യാറായ യുവനേതാക്കളെ തെറ്റ് ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ പുറത്താക്കിയ നടപടി നീതിയുക്തമായ കാര്യമായി തോന്നുന്നില്ല. നേതൃത്വം ഉത്തരവാദിത്തം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വിഷയത്തില്‍ പരിഹാരം കാണാന്‍ കഴിയുമായിരുന്നു. ഇരുവര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താന്‍ സംഘടനാപ്രവര്‍ത്തനം നിര്‍ത്തുകയാണ്. സമാജസേവ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി നിസ്വാര്‍ഥ സേവനത്തിനായാണ് താന്‍ സംഘടനയിലേക്ക് വന്നത്. ഇന്നിതുവരെ സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്തുന്ന പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു.
നേരത്തെ കോഴ വിവാദത്തില്‍ ആരോപണവിധേയരായ നേതാക്കള്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തിയ നേതാക്കള്‍ക്കെതിരേയാണ് നടപടിയുണ്ടായത്. സി കെ ജാനുവിന് വേണ്ടിയും വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും വോട്ട് അഭ്യര്‍ഥിച്ച് അമിത് ഷാ വയനാട്ടില്‍ നടത്തിയ റാലി ദീപു ഉള്‍പ്പെടെയുള്ള യുവമോര്‍ച്ച നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവമോര്‍ച്ചയില്‍ നടപടിയും രാജിയുമുണ്ടായത്.