ബത്തേരി കോഴ വിവാദം: യുവമോര്‍ച്ച നേതാക്കളെ നീക്കി; പിന്നാലെ ഭാരവാഹികളുടെ കൂട്ടരാജി, വയനാട് ബിജെപിയില്‍ പൊട്ടിത്തെറി
പാര്‍ട്ടിയുടെ ഏകപക്ഷീയമായ നിലപാടിനെ എതിര്‍ത്തുകൊണ്ടാണ് രാജിയെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തല്‍സ്ഥാനത്തുനിന്ന് നീക്കിയത്.
കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സി കെ ജാനുവും ഉള്‍പ്പെട്ട സുല്‍ത്താന്‍ ബത്തേരി കോഴ വിവാദത്തില്‍ വയനാട് ബിജെപി ജില്ലാ ഘടകത്തില്‍ പൊട്ടിത്തെറി. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റിനെയും ബത്തേരി മണ്ഡലം പ്രസിഡന്റിനെയും പുറത്താക്കി. നേതാക്കള്‍ക്കെതിരേ സ്വീകരിച്ച അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവച്ചു. ബത്തേരി നഗരസഭാ കമ്മിറ്റി ഭാരവാഹികള്‍ രാജിവച്ചതായും കമ്മിറ്റി പിരിച്ചുവിട്ടതായുമാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിട്ടുള്ളത്. വിവിധ പഞ്ചായത്ത് കമ്മിറ്റികളിലും സമാനമായി കൂട്ടരാജി ഉണ്ടായിട്ടുണ്ട്.
യുവമോര്‍ച്ച ഭാരവാഹിത്വത്തിലുള്ള 13 പേരാണ് രാജിവച്ചത്. പാര്‍ട്ടിയുടെ ഏകപക്ഷീയമായ നിലപാടിനെ എതിര്‍ത്തുകൊണ്ടാണ് രാജിയെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റില്‍ വ്യക്തമാക്കുന്നു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തന്‍പുരയിലിനെ ജില്ലാ കമ്മിറ്റിയും മണ്ഡലം പ്രസിഡന്റ് ലിലില്‍ കുമാറിനെ ബത്തേരി മണ്ഡലം കമ്മിറ്റിയുമാണ് തല്‍സ്ഥാനത്തുനിന്ന് നീക്കിയത്. ഇതോടെ നേതൃത്വത്തിനെതിരേ വിമര്‍ശനവുമായി ദീപു പുത്തന്‍പുരയ്ക്കല്‍ ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തി. പിടിച്ചുപറിക്കപ്പെടും മുമ്പേ നിസ്സഹായനായി ഉപേക്ഷിക്കുകയാണ് എന്ന് തുടങ്ങുന്നതാണ് പോസ്റ്റ്.
സംഘടനയോടുള്ള കൂറും ഉത്തരവാദിത്തവും നിര്‍വഹിച്ചിട്ടുണ്ട്. എന്നാല്‍, അധികാരമോഹികളുമായി സന്ധി ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് വിട്ടുപോലുന്നതെന്നും അദ്ദേഹം കുറിച്ചു. കോഴ വിവാദത്തില്‍ ആരോപണവിധേയരായ നേതാക്കള്‍ക്കെതിരേ വിമര്‍ശനമുയര്‍ത്തിയ നേതാക്കള്‍ക്കെതിരേയാണ് നടപടിയുണ്ടായിരിക്കുന്നത്. സി കെ ജാനുവിന് വേണ്ടിയും വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും വോട്ട് അഭ്യര്‍ഥിച്ച് അമിത് ഷാ വയനാട്ടില്‍ നടത്തിയ റാലി ദീപു ഉള്‍പ്പെടെയുള്ള യുവമോര്‍ച്ച നേതാക്കള്‍ ബഹിഷ്‌കരിച്ചിരുന്നു. ബിജെപി സംഘടനാ സെക്രട്ടറി എം ഗണേഷ് കഴിഞ്ഞ ദിവസം ജില്ലയിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയും രാജിയും.