പിണറായി മകളെ മുസ് ലിമിന് വിവാഹം കഴിച്ചുകൊടുത്തത് സമുദായവോട്ടിനെന്ന്; ഹിന്ദു ഐക്യവേദി നേതാവിന്റെ വിദ്വേഷ പരാമര്‍ശത്തിനെതിരേ പരാതി
കോഴിക്കോട്: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിദ്വേഷ പരാമര്‍ശവുമായി രംഗത്തെത്തിയ ഹിന്ദു ഐക്യ വേദി നേതാവ് ആര്‍ വി ബാബുവിനെതിരേ പോലിസില്‍ പരാതി. മകളെ മുസ് ലിമിന് വിവാഹം കഴിച്ചുകൊടുത്തത് സമുദായ വോട്ടിനു വേണ്ടിയാണെന്നാണ് നേരത്തേ ഹലാല്‍ വിരുദ്ധ കാംപയിനെന്ന പേരില്‍ മതവിദ്വേഷപ്രചാരണം നടത്തിയതിന് അറസ്റ്റിലായ ആര്‍ വി ബാബുവിന്റെ പരാമര്‍ശം. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ മതവിദ്വേഷം നടത്തിയെന്നു ചൂണ്ടിക്കാട്ടി മന്നം സ്വദേശി കുരിപ്പറമ്പ് ഹൗസില്‍ റിയാസാണ് നോര്‍ത്ത് പറവൂര്‍ പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. നേരത്തേ ഹലാല്‍ വിരുദ്ധ കാംപയിന്റെ മറവില്‍ ബേക്കറി അടച്ചുപൂട്ടാന്‍ ഭീഷണിപ്പെടുത്തിയ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പിന്തുണച്ച് വര്‍ഗീയ പോസ്റ്റുമായി രംഗത്തെത്തിയതിന് നോര്‍ത്ത് പറവൂര്‍ പോലിസാണ് ആര്‍ വി ബാബുവിനെ അറസ്റ്റ് ചെയ്തിരുന്നത്.
''സിഎഎ ഒരു കാരണവശാലും നടപ്പാക്കില്ല. കേരളത്തില്‍ മുസ് ലിംകള്‍ക്ക് വേണ്ടിയുള്ള കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ തുറക്കില്ല. പിന്നെ അയോധ്യ, ഗുജറാത്ത്, ശൂലം, ഗര്‍ഭിണി, പശു, ആള്‍ക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകള്‍ ആവശ്യം പോലെ സമാസമം ചേര്‍ത്ത് ആവര്‍ത്തിച്ച് പ്രചരിപ്പിച്ചപ്പോള്‍ കേരളത്തിലെ മുസ് ലിം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയന്‍ അവരുടെ മഅ്ദനിയോ സാക്കിര്‍ നായിക്കോ ആയി മാറി. ഇതൊന്നും കൂടാതെ മുസ് ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാര്‍ഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ് ലിമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടര്‍ഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്‌സഡ് ഡെപ്പോസിറ്റ് ആയി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയന്‍. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങള്‍ സഖാവേ...'' എന്നായിരുന്നു ആര്‍ വി ബാബു തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെയും വിവാഹം കഴിഞ്ഞ വര്‍ഷമാണ് കഴിഞ്ഞത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.