വിദ്വേഷ പ്രസംഗം: യുപിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് 24 മണിക്കൂര്‍ വിലക്ക്

Update: 2022-02-28 14:10 GMT

ലഖ്‌നോ: വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണം 24 മണിക്കൂര്‍ നേരത്തേക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി. ദുമാരിയഗഞ്ച് നിയമസഭാ സീറ്റില്‍ മല്‍സരിക്കുന്ന ബിജെപി എംഎല്‍എ രാഘവേന്ദ്ര സിങ്ങിന്റെ പ്രചാരണത്തിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ ആറ് മണി മുതല്‍ പ്രാബല്യത്തില്‍ വന്ന വിലക്ക് ചൊവ്വാഴ്ച രാവിലെ ആറിന് അവസാനിക്കുമെന്ന് റിട്ടേണിങ് ഓഫിസര്‍ ദീപക് മീണ അറിയിച്ചു. ഇക്കാലയളവില്‍ രാഘവേന്ദ്ര സിങ്ങിനെ പ്രചാരണത്തിന് അനുവദിക്കില്ല. ഡൊമ്രിയഗഞ്ച് സീറ്റിലെ എംഎല്‍എയാണ് രാഘവേന്ദ്ര സിങ്.

തനിക്കല്ലാതെ മറ്റാര്‍ക്കെങ്കിലും വോട്ടുചെയ്യുന്ന ഹിന്ദുക്കളുടെ ഡിഎന്‍എ പരിശോധിക്കുമെന്നായിരുന്നു എംഎല്‍എയുടെ ഭീഷണി. തനിക്ക് വോട്ടുചെയ്യാത്ത ഹിന്ദുക്കളുടെ സിരകളില്‍ മുസ്‌ലിം രക്തമുണ്ടെന്നും എംഎല്‍എ പറഞ്ഞു. ഇയാളുടെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തത്. 'ഹിന്ദു മറ്റാര്‍ക്കെങ്കിലുമാണ് വോട്ട് ചെയ്യുന്നതെങ്കില്‍ അവന്റെ സിരകളില്‍ 'മിയാന്‍' (മുസ്‌ലിംകള്‍ക്കെതിരായ മോശം പരാമര്‍ശം) രക്തമാണ് ഒഴുകുന്നത്. അവന്‍ രാജ്യദ്രോഹിയും ജയ്ചന്ദിന്റെ അവിഹിത സന്തതിയുമാണ്. നിങ്ങളില്‍ എത്ര ജയ്ചന്ദുമാരുണ്ട്? അവരുടെ പേരുകള്‍ എനിക്ക് തരൂ, അവര്‍ ഹിന്ദുക്കളാണോ മിയന്മാരാണോ എന്നറിയാന്‍ ഞാന്‍ അവരുടെ രക്തം പരിശോധിക്കും. ഞാന്‍ അവരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തും' എന്നാണ് രാഘവേന്ദ്ര സിങ് പ്രസംഗിച്ചത്.

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന ബിജെപി എംഎല്‍എയെ നിരോധിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ് ആവശ്യപ്പെടുകയും ചെയ്തു. നേരത്തെയും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി രാഘവേന്ദ്ര വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. താന്‍ വീണ്ടും എംഎല്‍എ ആയാല്‍ തൊപ്പികള്‍ അപ്രത്യക്ഷമായതുപോലെ, മുസ്‌ലിംകള്‍ തിലകം ധരിക്കുമെന്നാണ് രാഘവേന്ദ്ര സിങ് പറഞ്ഞത്. നോട്ട് നിരോധനം എതിരാളികളുടെ ഗൂഢാലോചനയാണെന്നും എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. രാഘവേന്ദ്ര സിങ് മല്‍സരിക്കുന്ന ഡൊമ്രിയഗഞ്ചില്‍ ആറാം ഘട്ടമായ മാര്‍ച്ച് 3നാണ് വോട്ടെടുപ്പ്. കഴിഞ്ഞ ആഴ്ചയും രാഘവേന്ദ്ര സിങിന്റെ പേരില്‍ വിദ്വേഷ പ്രസംഗത്തിന് കേസെടുത്തിരുന്നു.

Tags:    

Similar News