ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസ്: രണ്ടുപേര്‍ അറസ്റ്റില്‍
വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോക്കും കണ്ടെടുത്തതായി സംഘം അറിയിച്ചു
കൊച്ചി: ചലച്ചിത്രതാരം ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാര്‍ലറില്‍ വെടിവയ്പ് നടത്തിയ കേസില്‍ രണ്ടുപേരെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശികളായ വിപിന്‍, ബിലാല്‍ എന്നിവരെയാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോക്കും കണ്ടെടുത്തതായി സംഘം അറിയിച്ചു. കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിക്കു ബന്ധമുണ്ടെന്ന് നേരത്തേ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സെനഗലില്‍ പിടിയിലായ രവി പൂജാരിയെ മൂന്നാംപ്രതിയാക്കി നേരത്തേ കുറ്റപത്രം നല്‍കിയിരുന്നു. രവി പൂജാരി ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും നടി ലീന മരിയ പോള്‍ മൊഴി നല്‍കിയിരുന്നു. വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നടി ലീന മരിയ പോളിനെയും ഒരു ചാനലിനെയും ഇന്റര്‍നെറ്റ് ഫോണ്‍ വിളിച്ചത് രവി പൂജാരി തന്നെയാണെന്ന് കണ്ടെത്തിയിരുന്നു. ഫോണ്‍ വിളികളുടെ ശബ്ദരേഖകള്‍ കേരള പോലിസ് കര്‍ണാടക പോലിസിന് കൈമാറുകയായിരുന്നു. ആസ്േ്രതലിയയില്‍ നിന്നെന്ന പേരിലുള്ള രവി പൂജാരിയുടെ ഇന്റര്‍നെറ്റ് കോളുകള്‍ കേന്ദ്രീകരിച്ച് കര്‍ണാടക പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. 2018 ഡിസംബര്‍ 15നാണു നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി കടവന്ത്രയിലെ നെയില്‍ ബ്യൂട്ടി പാര്‍ലറിലെത്തിയ രണ്ടംഗ സംഘം വെടിയുതിര്‍ത്തത്.