ബെല്‍ജിയം റിട്ടേണ്‍സ്; ഒറ്റയാനായി ഡിബ്രൂണി; റൊമാനിയ തരിപ്പണം

Update: 2024-06-23 03:41 GMT

കൊളോണ്‍: യൂറോകപ്പില്‍ ബെല്‍ജിയത്തിന്റെ മാസ്സ് തിരിച്ചുവരവ്. സ്ലൊവാക്യയോട് നേരിട്ട അപ്രതീക്ഷിത തോല്‍വിയുടെ കേട് തീര്‍ത്ത് ബെല്‍ജിയം. കളിച്ചും കളിപ്പിച്ചും ഗോളടിച്ചും മൈതാനം നിറഞ്ഞുകളിച്ച ക്യാപ്റ്റന്‍ കെവിന്‍ ഡിബ്രൂണിയുടെ മികവില്‍ റൊമാനിയയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത ബെല്‍ജിയം ഗ്രൂപ്പ് ഇയില്‍ മൂന്നു പോയന്റുമായി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. യോരി ടിയെല്‍മാന്‍സാണ് ബെല്‍ജിയത്തിന്റെ മറ്റൊരു സ്‌കോറര്‍. ബെല്‍ജിയത്തിന്റെ ജയത്തോടെ ഗ്രൂപ്പ് ഇയില്‍ കാര്യങ്ങള്‍ സങ്കീര്‍ണമായി. ബെല്‍ജിയത്തിനും രണ്ടാമതുള്ള റൊമാനിയക്കും മൂന്നാമതുള്ള സ്ലൊവാക്യയ്ക്കും മൂന്നു പോയന്റ് വീതമാണുള്ളത്. ഇതോടെ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ടീമുകളെ തീരുമാനിക്കാന്‍ ഗ്രൂപ്പിലെ അവസാന റൗണ്ട് മത്സരങ്ങള്‍ വരെ കാത്തിരിക്കണം.

കളിയാരംഭിച്ച് 75-ാം സെക്കന്‍ഡില്‍ തന്നെ യോരി ടിയെല്‍മാന്‍സിലൂടെ ബെല്‍ജിയം മുന്നിലെത്തി. ബെല്‍ജിയത്തിന്റെ മുന്നേറ്റത്തിനൊടുവില്‍ ബോക്സില്‍ നിന്ന് വെളിയിലേക്ക് റൊമേലു ലുക്കാക്കു നല്‍കിയ പന്ത് കിടിലന്‍ ഷോട്ടിലൂടെ ടിയെല്‍മാന്‍സ് വലയിലെത്തിക്കുകയായിരുന്നു. പരിക്കിനു ശേഷം മടങ്ങിയെത്തിയ ആദ്യ മത്സരത്തില്‍ തന്നെ സ്‌കോര്‍ ചെയ്യാന്‍ താരത്തിനായി.

കളിയില്‍ താളം കണ്ടെത്തും മുമ്പ് ഗോള്‍ വീണത് പക്ഷേ റൊമാനിയന്‍ താരങ്ങളെ തളര്‍ത്തിയില്ല. നാലാം മിനിറ്റില്‍ തന്നെ അവര്‍ ഗോള്‍ തിരിച്ചടിക്കുന്നതിന്റെ വക്കിലെത്തി. എന്നാല്‍ ഡെനിസ് ഡ്രാഗുസിന്റെ ഹെഡര്‍ ബെല്‍ജിയം ഗോളി കോവെന്‍ കാസ്റ്റീല്‍സ് രക്ഷപ്പെടുത്തി. കഴിഞ്ഞ മത്സരത്തിലേതിനു സമാനമായി ലുക്കാക്കു അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതും ആദ്യ പകുതിയില്‍ കാണാനായി.

18-ാം മിനിറ്റില്‍ കെവിന്‍ ഡിബ്രുണി നല്‍കിയ പാസില്‍ നിന്നുള്ള ഡോഡി ലൂക്കെബാക്കിയോയുടെ ഗോളെന്നുറച്ച ഷോട്ട് റൊമാനിയന്‍ ഗോളി ഫ്ളോറിന്‍ നിറ്റ അവിശ്വസനീയമായി തട്ടിയകറ്റി.

ആദ്യ പകുതിയിലുടനീളം ബെല്‍ജിയത്തിന്റെ നിയന്ത്രണത്തിലായിരുന്നു മത്സരം. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോള്‍ തിരിച്ചടിക്കാനുറച്ച് റൊമാനിയന്‍ താരങ്ങള്‍ പന്തു തട്ടിയതോടെ പലപ്പോഴും ബെല്‍ജിയന്‍ പ്രതിരോധം വിറച്ചു. എന്നാല്‍ എണ്ണംപറഞ്ഞ സേവുകളുമായി തിളങ്ങിയ ഗോളി കാസ്റ്റീല്‍സിന്റെ പ്രകടനമാണ് ബെല്‍ജിയത്തെ ഗോള്‍വഴങ്ങാതെ കാത്തത്. ബെല്‍ജിയത്തിന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും കാസ്റ്റീല്‍സായിരുന്നു.

63-ാം മിനിറ്റില്‍ സ്വന്തം ഹാഫില്‍ നിന്ന് ഡിബ്രുണിന്റെ മികച്ചൊരു പാസ് പിടിച്ചെടുത്ത് മുന്നേറിയ ലുക്കാക്കു പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്സൈഡായതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കപ്പെട്ടു. രണ്ടു മത്സരങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് ലുക്കാക്കുവിന്റെ ഗോള്‍ വാറില്‍ നിഷേധിക്കപ്പെടുന്നത്.

പിന്നാലെ പലതവണ റൊമാനിയ നടത്തിയ അതിവേഗ മുന്നേറ്റങ്ങള്‍ ബെല്‍ജിയന്‍ പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു. പിന്നാലെ 79-ാം മിനിറ്റില്‍ ഡിബ്രുണി ബെല്‍ജിയത്തിന്റെ ജയമുറപ്പിച്ച ഗോള്‍നേടി. ബോക്സില്‍ നിന്ന് ബെല്‍ജിയന്‍ ഗോളി കാസ്റ്റീല്‍സ് അടിച്ച പന്താണ് ഗോളിലെത്തിയത്. തന്റെ മാര്‍ക്കറെ മറികടന്ന് പന്ത് പിടിച്ചെടുത്ത ഡിബ്രുണി, റൊമാനിയന്‍ ഗോളിയുടെ ചലഞ്ച് അതിജീവിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു.





Tags:    

Similar News