ബംഗാള്‍ കായിക മന്ത്രി മനോജ് തിവാരി രഞ്ജി ട്രോഫി ടീമില്‍; ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങുന്നത്
സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോള്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം പിടിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടമാണ് തിവാരിക്ക് സ്വന്തമായിരിക്കുന്നത്
കൊല്‍ക്കത്ത: സീനിയര്‍ ബാറ്ററും, പശ്ചിമ ബംഗാള്‍ കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിയുമായ മനോജ് തിവാരി ഈ വര്‍ഷത്തെ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള ബംഗാളിന്റെ 21 അംഗ സ്‌ക്വാഡില്‍. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ബംഗാള്‍ ടീമിനെ അഭിമന്യു ഈശ്വരന്‍ നയിക്കും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ബംഗാളിന്റെ 21 അംഗ രഞ്ജി ട്രോഫി സ്‌ക്വാഡിലാണ് മുപ്പത്തിയാറുകാരനായ മനോജ് തിവാരി ഇടം പിടിച്ചിരിക്കുന്നത്. ഒരു സംസ്ഥാനത്തെ കായിക മന്ത്രിയായി സേവനം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോള്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം പിടിക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടമാണ് ഇതോടെ തിവാരിക്ക് സ്വന്തമായിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വര്‍ഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന താരം ശിബ്പ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച് വിജയിക്കുകയായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതു വരെ 125 മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മനോജ് തിവാരി 50.36 ബാറ്റിംഗ് ശരാശരിയില്‍ 8965 റണ്‍സാണ് നേടിയിട്ടുള്ളത്. 27 സെഞ്ചുറികളും ഈ ഫോര്‍മ്മാറ്റില്‍ താരം സ്‌കോര്‍ ചെയ്തു. ഇന്ത്യന്‍ ദേശീയ ടീമിന് വേണ്ടി 12 ഏകദിനങ്ങളും, 3 ടി20 മല്‍സരങ്ങളും കളിച്ചിട്ടുള്ള തിവാരി ഏറ്റവും അവസാനം ക്രിക്കറ്റ് മൈതാനത്തിറങ്ങിയത് 2020-21 സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലായിരുന്നു. രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്റെ സ്ഥാനം. വിദര്‍ഭ, ഹരിയാന, കേരള, ത്രിപുര, രാജസ്ഥാന്‍ എന്നീ ടീമുകളാണ് ബംഗാളിനെക്കൂടാതെ ഗ്രൂപ്പില്‍ ഉള്ളത്. അതേസമയം കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്കകള്‍ക്കിടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് ബിസിസിഐ നീട്ടിവെച്ചു. രഞ്ജി ട്രോഫിക്ക് പുറമെ കേണല്‍ സി കെ നായിഡു ട്രോഫി, സീനിയര്‍ വനിതകളുടെ ടി20 ലീഗ് മല്‍സരങ്ങളും ബിസിസിഐ മാറ്റിവെച്ചിട്ടുണ്ട്.