തന്റെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച പ്രതിശ്രുത വരനെ സുഹൃത്തുക്കളുടെ സഹായത്തോടെ തല്ലിക്കൊന്ന് പ്രതിശ്രുത വധു
സംഭവത്തില്‍ ആര്‍ക്കിടെക്ടായ പ്രതിശ്രുത വധു പ്രതിഭ (25), സുഹൃത്തുക്കളായ സുശീല്‍ (25), ഗൗതം (25), സൂര്യ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
ബംഗളൂരു: തന്റെ നഗ്‌നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ 27കാരന്‍ ഡോ. വികാസ് രാജന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ പ്രതിശ്രുത വധുവും ആര്‍ക്കിടെക്ടുമായ പ്രതിഭ (25), സുഹൃത്തുക്കളായ സുശീല്‍ (25), ഗൗതം (25), സൂര്യ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.
മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 14നാണ് വികാസ് മരണമടഞ്ഞത്. ബെഗൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സെപ്തംബര്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വികാസ് കോമയിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ശരീരത്തിലെ കണ്ട പരിക്കിനെതുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു കൊല്ലപ്പെട്ട വികാസും പ്രതിഭയും. തുടര്‍ന്ന് ഒരുമിച്ചു താമസിക്കുകയായിരുന്ന ഇരുവരും പിന്നീട് ബന്ധുക്കളുടെ അനുമതിയോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഒരുമിച്ചു താമസിക്കുന്നതിനിടെയാണ് വികാസ് യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയതെന്ന് കരുതുന്നു. ദിവസങ്ങള്‍ക്കു മുമ്പ് യുവതി, ഈ നഗ്‌നചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കണ്ടതോടെ വികാസിനോട് ഇക്കാര്യം ചോദിച്ചിരുന്നു.തമാശയ്ക്ക് ചെയ്തതാണന്നായിരുന്നു വികാസിന്റെ മറുപടി. മറ്റൊരു സുഹൃത്തിന്റെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചാണ് ഇയാള്‍ തന്റെ പ്രതിശ്രുത വധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ പങ്കുവച്ചത്. തമിഴ്‌നാട്ടിലെ ചില സുഹൃത്തുക്കള്‍ക്ക് ഈ ചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരു കുടുംബങ്ങളും തമ്മില്‍ തര്‍ക്കവും ഉടലെടുത്തിരുന്നു.
ഇതോടെ, യുവതി സുഹൃത്തായ സുശീലിനോട് ഇക്കാര്യം പറയുകയും വികാസിനെ പാഠം പഠിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. തുടര്‍ന്ന് സുശീലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. നിലംതുടയ്ക്കുന്ന മോപ്പ് ഉള്‍പ്പെടെ ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ഗുരുതരപരിക്കേറ്റ് അബോധാവസ്ഥയിലായതോടെ ഇവര്‍ വികാസിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുക്രെനില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ചെന്നൈയില്‍ ജോലി ചെയ്ത ശേഷമാണ് പുതിയ ജോലിക്കായി ബെംഗളൂരുവിലേക്ക് വന്നത്. സുഷീലിന്റെ വീട്ടില്‍ വച്ചായിരുന്നു പ്രതികള്‍ കൃത്യം നടത്തിയത്.
വികാസിന്റെ സഹോദരന്റെ പരാതിയില്‍ പ്രതികള്‍ക്കെതിരേ കൊലപാതക ശ്രമത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. ചികില്‍സക്കിടെ വികാസ് മരിച്ചതോടെ കേസ് കൊലപാതകമാക്കി മാറ്റിയിട്ടുണ്ട്.