ബെംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിലെ ഒരാളെ എന്‍ഐഎ(ദേശീയ അന്വേഷണ ഏജന്‍സി) അറസ്റ്റ് ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് മുസമ്മില്‍ ശരീഫ് എന്നയാളെ പിടികൂടിയതെന്ന് എന്‍ ഐഎ അറിയിച്ചു. സ്‌ഫോടനം നടത്തിയത് മുസവ്വിര്‍ ഷസീബ് ഹുസയ്‌നാണെന്നും ഇയാള്‍ക്ക് സഹായം ചെയ്തുകൊടുത്തയാളാണ് അറസ്റ്റിലായതെന്നുമാണ് എന്‍ ഐഎ പറയുന്നത്. കര്‍ണാടകയിലെ 12, തമിഴ്‌നാട്ടിലെ 5, ഉത്തര്‍പ്രദേശിലെ ഒന്ന് എന്നിങ്ങനെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് മുസമ്മില്‍ ശരീഫിനെ പിടികൂടിയതെന്നും എന്‍ഐഎ അവകാശപ്പെടുന്നു. മാര്‍ച്ച് ഒന്നിനാണ് കിഴക്കന്‍ ബെംഗളൂരുവിലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോറിഡോറിലെ ബ്രൂക്ക്ഫീല്‍ഡ് ഏരിയയിലെ ഭക്ഷണശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും മുസവ്വിര്‍ ഷസീബ് ഹുസയ്ന്‍, മുസമ്മില്‍ ശരീഫ്, അബ്ദുല്‍ മത്തീന്‍ താഹ തുടങ്ങിയവരാണ് പിന്നിലെന്ന് ആരോപിക്കുകയും ചെയ്തു.
NIA Arrests 1 in Rameshwaram Cafe Blast Conspiracy After Massive Multi-State Raids pic.twitter.com/QI4ZpvBpQV
— NIA India (@NIA_India) March 28, 2024
സംഭവശേഷം മൂവരുടെയും വീടുകളിലും മറ്റും പരിശോധന നടത്തിയെങ്കിലും കണ്ടെത്തിയില്ലെന്നും എല്ലാവരും ഒളിവിലായിരുന്നുവെന്നുമാണ് എന്‍ ഐഎ പറയുന്നത്. തൊപ്പിയും മാസ്‌കും ധരിച്ചെത്തിയ യുവാവ് റസ്റ്റോറന്റില്‍ വച്ച ബാഗാണ് പൊട്ടിത്തെറിച്ചതെന്നാണ് പറയുന്നത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. മുഖ്യപ്രതിയുടേതെന്ന് അവകാശപ്പെട്ട് സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സ്‌ഫോടനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു.