ചരിത്രത്തിലാദ്യമായി അമുസ്‌ലിംകള്‍ക്ക് മുമ്പില്‍ വാതിലുകള്‍ തുറന്നിട്ട് ബംഗളൂരുവിലെ മോദി മസ്ജിദ്
വിശ്വാസികള്‍ക്കിടയിലെ സംവാദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇതര മതവിശ്വാസികള്‍ക്ക് മസ്ജിദിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനും ആരാധനാ ക്രമങ്ങള്‍ പരിചയപ്പെടുന്നതിനുമായാണ് മസ്ജിദിന്റെ കവാടങ്ങള്‍ അമുസ്‌ലിംകള്‍ക്കായി തുറന്നു കൊടുത്തത്.
ഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മോദി മസ്ജിദ് അപൂര്‍വ്വ കാഴ്ചയ്ക്കാണ് ഇന്ന് സാക്ഷ്യംവഹിച്ചത്. 170 വര്‍ഷത്തെ പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായി അമുസ്‌ലിംകള്‍ക്കായി അതിന്റെ വാതിലുകള്‍ തുറന്നിട്ടു.
നൂറു കണക്കിന് ഹൈന്ദവ -ക്രൈസ്തവ വിശ്വാസികളും ഏതാനും സിഖ് മതാനുയായികളും മസ്ജിദ് സന്ദര്‍ശിച്ച് മസ്ജിദിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടു കണ്ടു. വിശ്വാസികള്‍ക്കിടയിലെ സംവാദങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും ഇതര മതവിശ്വാസികള്‍ക്ക് മസ്ജിദിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുന്നതിനും ആരാധനാ ക്രമങ്ങള്‍ പരിചയപ്പെടുന്നതിനുമായാണ് മസ്ജിദിന്റെ കവാടങ്ങള്‍ അമുസ്‌ലിംകള്‍ക്കായി തുറന്നു കൊടുത്തത്.
താനെ, ബംഗളൂരു എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന റഹ്മത്ത് ഗ്രൂപ്പ് മുന്‍കൈ എടുത്താണ് വിസിറ്റ് മൈ മോസ്‌ക് ഡേ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. 170 ഓളം പേര്‍ക്കായി സന്ദര്‍ശനം പരിമിതപ്പെടുത്തിയിരുന്നെങ്കിലും 500 ഓളം പേരാണ് മസ്ജിദ് സന്ദര്‍ശിച്ചത്.
പ്രഫഷണലുകള്‍, വ്യാപാരികള്‍, വിദ്യാര്‍ത്ഥികള്‍, എഴുത്തുകാര്‍, വീട്ടമ്മമാര്‍, വിരമിച്ചവര്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവരാണ് മസ്ജിദ് സന്ദര്‍ശിക്കാനെത്തിയത്. രാഷ്ട്രീയം സംസാരിക്കരുതെന്നും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചും പൗരന്മാരുടെ ദേശീയ രജിസ്റ്ററിനെക്കുറിച്ചും ഉള്ള വിവാദങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നും സന്ദര്‍ശകര്‍ക്ക് സംഘാടകര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
മസ്ജിദ് സന്ദര്‍ശനം, പ്രാര്‍ഥനയും നിരീക്ഷണവും, ഉച്ച ഭക്ഷണം എന്നിങ്ങനെയാണ് സന്ദര്‍ശകര്‍ക്കായി സംഘാടകര്‍ ഒരുക്കിയിരുന്നത്.
'ഇത് ഒരു മികച്ച അനുഭവമായിരുന്നു, മതവും വിശ്വാസ സമ്പ്രദായങ്ങളും പരസ്പരം മനസിലാക്കാന്‍ ഇത് വളരെയധികം സഹായിക്കും' അപൂര്‍വ അനുഭവത്തെക്കുറിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള എഴുത്തുകാരന്‍ അമന്‍ദീപ് സിംഗ് സന്ധു പറഞ്ഞു. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സംഭവങ്ങളുമായി ഈ സംരംഭത്തിന് യാതൊരു ബന്ധവുമില്ലെന്ന് ഒരു റഹ്മത്ത് ഗ്രൂപ്പ് പ്രതിനിധി പറഞ്ഞു.
'പരിപാടി തികച്ചും അരാഷ്ട്രീയമായിരുന്നു. ഇസ്‌ലാമിനെയും ഒരു പള്ളിയുടെ സംസ്‌കാരത്തെയും അമുസ്‌ലിംകള്‍ മനസ്സിലാക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. ഒരു പള്ളി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മിക്കവര്‍ക്കും അറിയില്ല. ഒരു പള്ളിയിലേക്ക് അമുസ്‌ലിംകളെ ക്ഷണിക്കാന്‍ തങ്ങള്‍ മുന്‍കൈയെടുത്തു. വലിയ വിജയമാണ്. വരും ദിവസങ്ങളില്‍ ഇത്തരത്തിലുള്ള നിരവധി സന്ദര്‍ശനങ്ങള്‍ നടത്താന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സപ്തംബറില്‍ ബെംഗളൂരുവിലെ ഒരു ക്രിസ്ത്യന്‍ സെമിനാരിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി റഹ്മത്ത് ഗ്രൂപ്പ് ഇത്തരത്തിലൊരു സന്ദര്‍ശനം സംഘടിപ്പിച്ചിരുന്നു.