'ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ കൂടുതല്‍ അക്രമാസക്തമാകുന്നു'; പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെതിരേ ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച്
ന്യൂഡല്‍ഹി: പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരായ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നടപടിക്കെതിരേ ശക്തമായ പ്രതികരണവുമായി ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച്. രാജ്യത്ത് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ കൂടുതല്‍ അക്രമാസക്തമാകുന്നതിന്റെ ഭാഗമാണ് ഇത്തരം അറസ്റ്റുകളും റെയ്ഡുകളുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ഒ ജനറല്‍ സെക്രട്ടറിയുമായ പ്രഫ. പി കോയയും മറ്റ് നൂറിലധികം പ്രവര്‍ത്തകരും പിഎഫ്‌ഐ അനുഭാവികളും അറസ്റ്റിലായി. ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച് ഈ വേട്ടയെ അപലപിക്കുന്നു. എല്ലാ പ്രവര്‍ത്തകരെയും ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഭീമാ കൊറെഗാവ്, സിഎഎ-എന്‍ആര്‍സി, സിദ്ദീഖ് കാപ്പന്‍, രൂപേഷ് കുമാര്‍ തുടങ്ങി ഭരണകൂട വേട്ടയുടെ തുടര്‍ച്ചയാണ് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേയുള്ള നടപടി. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന് തടസ്സമായി നില്‍ക്കുന്നവരേയാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച് പ്രസ്താവനയില്‍ പറഞ്ഞു.