ഭഗത് സിങ് രക്തസാക്ഷിത്വ ദിനം പഞ്ചാബിൽ പൊതു അവധിയായി പ്രഖ്യാപിച്ചു
ഭഗത് സിങ്ങിനെ ആരാധിക്കുന്ന ഭഗവന്ത് മാന്‍ അദ്ദേഹത്തോടുളള ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ഞ തലപ്പാവാണ് എപ്പോഴും അണിയാറുളളത്.
ജലന്ധർ: സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനമായ മാര്‍ച്ച് 23ന് സംസ്ഥാനത്തിന് പൊതു അവധി പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. ഇനി എല്ലാ വര്‍ഷവും മാര്‍ച്ച് 23ന് പഞ്ചാബിന് അവധിയായിരിക്കും.
നിയമസഭയില്‍ ഭഗത് സിങ്ങിന്റെയും ഡോ ബിആര്‍ അംബേദ്കറിന്റെയും പ്രതിമകള്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പ്രമേയവും മുഖ്യമന്ത്രി അവതരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് എംഎല്‍എ പര്‍താപ് ബജ്വയുടെ നിര്‍ദേശപ്രകാരം 'ഷേര്‍-ഇ-പഞ്ചാബ്' എന്നറിയപ്പെടുന്ന മഹാരാജ രണ്‍ജിത് സിങിന്റെ പേരും പ്രമേയത്തില്‍ ഉള്‍പ്പെടുത്തി.
ഭഗത് സിങ്ങിനെ ആരാധിക്കുന്ന ഭഗവന്ത് മാന്‍ അദ്ദേഹത്തോടുളള ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ഞ തലപ്പാവാണ് എപ്പോഴും അണിയാറുളളത്. ഭഗവന്ത് മാന്‍ മാര്‍ച്ച് 16ന് സത്യപ്രതിജ്ഞ ചെയ്തത് ഭഗത് സിങ്ങിന്റെ ജന്മനാടായ ഖത്കര്‍ കാലാനില്‍ വെച്ചായിരുന്നു.
പഞ്ചാബിലെ ജനങ്ങള്‍ 'ഭഗത് സിങ്ങിന്റേയും ബാബാ സാഹെബ് അംബേദ്കറിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ എന്നോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു' എന്നായിരുന്നു സത്യപ്രതിജ്ഞക്ക് ശേഷം ഭഗവന്ത് മാന്‍ പറഞ്ഞത്. ഫെബ്രുവരി 20 ന് നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി വന്‍ വിജയം നേടിയിരുന്നു. 117 സീറ്റുകളില്‍ ആം ആദ്മി 92 സീറ്റുകള്‍ നേടിയിരുന്നു.