സാന്‍ഫ്രാന്‍സിസ്‌കോ: തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം. 73 വയസ്സായിരുന്നു . ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൂടാതെ രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും സാക്കിര്‍ ഹുസൈനെ അലട്ടിയിരുന്നതായി അടുത്ത സുഹൃത്തായ രാകേഷ് ചൗരാസിയ വെളിപ്പെടുത്തിയിരുന്നു.
തന്റെ ഏഴാം വയസ്സില്‍ സംഗീത യാത്ര ആരംഭിച്ച സാക്കിര്‍ ഹുസൈന്‍ തന്റെ 12ാം വയസ്സോടെ തന്നെ ഇന്ത്യയിലുടനീളം പരിപാടികള്‍ അവതരിപ്പിച്ചു. ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിനും ലോക സംഗീതത്തിനും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 1951ല്‍ മുംബയിലാണ് സാക്കിറിന്റെ ജനനം. പദ്മശ്രീ (1988), പദ്മഭൂഷണ്‍ (2002), പദ്മവിഭൂഷണ്‍ (2023) തുടങ്ങിയ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ നാല് തവണ ഗ്രാമി അവാര്‍ഡും നേടി.