''മതമൈത്രി സംരക്ഷിക്കണം'' ആരാധനാലയ സംരക്ഷണ നിയമ കേസില്‍ കക്ഷി ചേര്‍ന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ആരാധനാലയ സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷിചേര്‍ന്ന് കോണ്‍ഗ്രസ്. രാജ്യത്തെ മതനിരപേക്ഷതയും മതമൈത്രിയും സംരക്ഷിക്കാന്‍ നിയമം കര്‍ശനമായി നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഇടപെടല്‍ അപേക്ഷ പറയുന്നു.
'' ആരാധനാലയ സംരക്ഷണനിയമം പാസാക്കുന്ന സമയത്ത്, പത്താം ലോക്‌സഭയില്‍ കോണ്‍ഗ്രസിനും ജനതാദളിനും ഭൂരിപക്ഷമുണ്ടായിരുന്നു. അന്ന് ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് നിയമം കൊണ്ടുവന്നത്. നിയമം മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന വാദം തെറ്റാണ്. നിയമം രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കാനാണ് എന്ന് ബാബരി മസ്ജിദ് കേസില്‍ സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. നിയമം ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ജൈനന്‍മാര്‍ക്കും ബുദ്ധമതവിശ്വാസികള്‍ക്കും എതിരാണെന്ന വാദം തെറ്റാണ്. ഈ നിയമം രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണെന്നും കോണ്‍ഗ്രസ് കോടതിയെ അറിയിച്ചു.
രാജ്യത്തെ ആരാധനാലയങ്ങള്‍ 1947 ആഗസ്റ്റ് 15ലെ തല്‍സ്ഥിതി തുടരണമെന്ന നിയമത്തെ ചോദ്യം ചെയ്ത് ബിജെപി നേതാവ് അശ്വിനികുമാര്‍ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഈ കേസില്‍ ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് കമ്മിറ്റി, എന്‍സിപി എംഎല്‍എ ഡോ. ജിതേന്ദ്ര സതീഷ് അഹ്‌വാദ്, സിപിഎം നേതാവ് പ്രകാശ് കാരാട്ട് മധുര ഷാഹീ ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി, ആര്‍ജെഡി എംപി മനോജ് ഝാ തുടങ്ങിയവര്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.