ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലു പേര്‍ ഒഴുക്കില്‍ പെട്ടു; സ്ത്രീ മരിച്ചു,ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍
തൃശ്ശൂര്‍: ചെറുതുരുത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശിനി ഓടയ്ക്കല്‍ വീട്ടില്‍ കബീറിന്റെ ഭാര്യ റെഹാനയാണ് മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.
കബീര്‍, ഭാര്യ റെഹാന, ഇവരുടെ 10 വയസുകാരി മകള്‍ സറ,റെഹാനയുടെ സഹോദരിയുടെ മകള്‍ 12 വയസുകാരി ഫുവാത്ത് എന്നിവരാണ് ഒഴുക്കില്‍പെട്ടത്. ഇവര്‍ ഭാരതപ്പുഴ കാണാനെത്തുകയും പുഴയില്‍ ഇറങ്ങുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. നാലുപേരാണ് ഇവിടേക്ക് എത്തിയതെന്നും അതില്‍ മൂന്നുപേര്‍ മാത്രമാണ് വെള്ളത്തില്‍ ഇറങ്ങിയത് എന്നും പറയപ്പെടുന്നു. ഷാഹിനയുടെ മൃതദേഹം ചേലക്കര ആശുപത്രിയിലേക്ക് മാറ്റി.
പുഴയിൽ ധാരാളം കുഴികൾ ഉണ്ടെന്നാണു നാട്ടുകാർ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോർഡുകൾ തീരത്ത് ഉണ്ടായിരുന്നില്ല. ഇവർ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും ചെറിയ കുഴികൾ ധാരാളം ഉള്ളതായും പറയുന്നു. വടക്കാഞ്ചേരി, ഷൊർണൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ പുഴയിൽ തിരച്ചിൽ നടത്തുകയാണ്. ചെറുതുരുത്തി പൊലീസും മേഖലയിലേക്ക് എത്തിയിട്ടുണ്ട്. ഇരുട്ടായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി.