എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമം; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍
കൊച്ചി: എഡിജിപി വിജയ് സാഖറെയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഘത്തെ കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലിസ് പിടികൂടി. ഉത്തര്‍പ്രദേശ് മധുര ചൗക്കി ബംഗാറിലെ സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പലും ഉടമയുമായ മുഷ്താക് ഖാന്‍(32), നിസാര്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വിജയ് സാഖറെയുടെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് മെസഞ്ചര്‍ വഴിയാണ് പ്രതികള്‍ പണം ആവശ്യപ്പെട്ടത്. മുഷ്താക് ഖാന്‍ ബാങ്ക് ജീവനക്കാരനുമാണ്. സന്ദേശമയച്ച ഫേസ്ബുക്കിന്റെ വിവരങ്ങളും പണം ആവശ്യപ്പെട്ട ഗൂഗിള്‍ പേ നമ്പരും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. പ്രമുഖരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയച്ച് പണം ആവശ്യപ്പെടുന്നതാണ് രീതി. ഗ്രാമത്തിലെ നിരക്ഷരരായ ഒട്ടേറെയാളുകളുടെ പേരില്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ച് അതില്‍ സ്വന്തം ഫോണ്‍ നമ്പറുകള്‍ മുഷ്താക് ലിങ്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഈ അക്കൗണ്ടുകള്‍ വഴി യുപിഐ അക്കൗണ്ടുകള്‍ തുറന്നാണു തട്ടിപ്പ് നടത്തുന്നത്. ബാങ്കിന്റെ ആവശ്യങ്ങള്‍ക്കായി നല്‍കിയിരുന്ന ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചു. വ്യാജ വിലാസങ്ങളില്‍ ഒട്ടേറെ സിം കാര്‍ഡുകളും എടുത്തു. പ്രതികളുമായി ബന്ധപ്പെട്ട 60 ഫോണുകള്‍, അതിലുപയോഗിച്ച സിം കാര്‍ഡ്, ടവര്‍ ലൊക്കേഷന്‍, ഡിവൈസ് ലൊക്കേഷന്‍, ഐപി വിലാസങ്ങള്‍ എന്നിവ ശേഖരിച്ചാണ് അന്വേഷണം നടത്തിയത്.
സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് അരുണ്‍, സീനിയര്‍ സിപിഒമാരായ എസ് രമേഷ്, ഇ കെ ഷിഹാബ്, സിപിഒമാരായ പി അജിത് രാജ്, ആര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കു കുപ്രസിദ്ധമായ സ്ഥലമാണു ചൗക്കി ബംഗാര്‍ ഗ്രാമം. യുപി-ഹരിയാന അതിര്‍ത്തിയിലുള്ള ഈ ഗ്രാമത്തില്‍ നിന്ന് ഏറെ ശ്രമകരമായാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലിസ് ഉദ്യോഗസ്ഥരുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികള്‍ പിടിയിലാകുന്നത് ആദ്യമായാണ്.