റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധി; പൗരന്‍മാരോട് ഉടന്‍ ഉക്രെയ്ന്‍ വിടാന്‍ അമേരിക്കയുടെ നിര്‍ദേശം

Update: 2022-02-12 02:30 GMT

ന്യൂയോര്‍ക്ക്: റഷ്യ- ഉക്രെയ്ന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പൗരന്‍മാരോട് ഉടന്‍ ഉക്രെയ്‌നില്‍നിന്നും മടങ്ങാന്‍ അമേരിക്ക നിര്‍ദേശിച്ചു. റഷ്യന്‍ സൈനിക നടപടിയുടെ ഭീഷണികള്‍ വര്‍ധിച്ചുവരുന്നത് ചൂണ്ടിക്കാട്ടിയാണ് ഉക്രെയ്‌നില്‍ അവശേഷിക്കുന്ന എല്ലാ അമേരിക്കന്‍ പൗരന്‍മാരോടും ഉടന്‍ രാജ്യം വിടാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടത്. ഏത് നിമിഷവും റഷ്യ ഉക്രെയ്‌നെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കി. ഞങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നാണ് കൈകാര്യം ചെയ്യുന്നത്. ഇത് വളരെ വ്യത്യസ്തമായ ഒരു സാഹചര്യമാണ്. കാര്യങ്ങള്‍ പെട്ടെന്ന് വഷളായേക്കാം- ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അധിനിവേശം എപ്പോള്‍ വേണമെങ്കിലും ആരംഭിക്കാം- ആസ്‌ത്രേലിയന്‍ സന്ദര്‍ശന വേളയില്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശമുണ്ടായാലും അമേരിക്കന്‍ പൗരന്‍മാരെ ഒഴിപ്പിക്കാന്‍ ഉക്രെയ്‌നിലേക്ക് സൈന്യത്തെ അയക്കില്ലെന്നും നേരത്തെ ബൈഡന്‍ അറിയിച്ചിരുന്നു. അമേരിക്കയ്ക്ക് പിന്നാലെ, ബ്രിട്ടന്‍, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ലാറ്റ്‌വിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്‍മാരോട് ഉക്രെയ്ന്‍ വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിര്‍ത്തിക്കടുത്ത് 1,00,000 സൈനികരെ വിന്യസിച്ചിട്ടും ഉക്രെയ്ന്‍ ആക്രമിക്കാനുള്ള പദ്ധതികളില്ലെന്ന് പറഞ്ഞ് റഷ്യ ആരോപണം ആവര്‍ത്തിച്ച് നിഷേധിക്കുകയാണ്.

ഏത് നിമിഷയും റഷ്യ യുക്രെയ്‌നെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പാണ് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും നല്‍കിയിരിക്കുന്നത്. റഷ്യ- യുക്രെയ്ന്‍ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബെല്‍ജിയത്തിലെ നാറ്റോ സഖ്യസേന തലവനുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഉക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ഇരുരാജ്യങ്ങള്‍ക്കും 'ദാരുണമായ പ്രത്യാഘാതങ്ങള്‍' ഉണ്ടാക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് മുന്നറിയിപ്പ് നല്‍കി.

എന്നാല്‍, യൂറോപ്പില്‍ വര്‍ധിച്ചുവരുന്ന സൈനിക സംഘര്‍ഷം 'ഞങ്ങളുടെ തെറ്റല്ല' എന്ന് സെര്‍ജി ഷോഗിയു പറഞ്ഞു. ഉക്രെയ്‌നിന്റെ തെക്കന്‍ ക്രിമിയ പെനിന്‍സുല റഷ്യ പിടിച്ചെടുത്ത് എട്ടുവര്‍ഷത്തിന് ശേഷമാണ് നിലവിലെ സംഘര്‍ഷം. ഉക്രെയ്‌നുമായി ബന്ധപ്പെട്ട നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ജോ ബൈഡന്‍- റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരുടെ കൂടിക്കാഴ്ചയും ഉടന്‍ നടന്നേക്കും. പോളണ്ടിലേക്ക് 3,000 സൈനികരെ കൂടി നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News