യോഗിയെ ഞെട്ടിച്ച് യുപിയില്‍ കര്‍ഷകരുടെ 'മഹാ പഞ്ചായത്ത്'
ഘാസിപ്പൂരില്‍ കര്‍ഷകര്‍ക്ക് കുടിവെള്ളം തടസ്സപ്പെടുത്തിയതോടെയാണ് യുപിയില്‍ പ്രതിഷേധം ശക്തമായത്. ഗ്രാമത്തില്‍ വെള്ളമെത്താതെ താന്‍ ജലപാനം നടത്തുകയില്ലെന്നു കര്‍ഷക നേതാവ് രാകേഷ് ടികായത് കരഞ്ഞ് പറഞ്ഞത് യു പിയിലെ കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി.
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിനെതിരേ യോഗി സര്‍ക്കാര്‍ നടപടിയെടുത്തതോടെ വന്‍ പ്രതിഷേധവുമായി യുപിയില്‍ സമ്മേളിച്ച് കര്‍ഷകര്‍. യുപിയിലെ മുസഫര്‍ നഗറിലാണ് കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി 'മഹാ പഞ്ചായത്ത്' നടന്നത്.
ഘാസിപ്പൂരില്‍ കര്‍ഷകര്‍ക്ക് കുടിവെള്ളം തടസ്സപ്പെടുത്തിയതോടെയാണ് യുപിയില്‍ പ്രതിഷേധം ശക്തമായത്. ഗ്രാമത്തില്‍ വെള്ളമെത്താതെ താന്‍ ജലപാനം നടത്തുകയില്ലെന്നു കര്‍ഷക നേതാവ് രാകേഷ് ടികായത് കരഞ്ഞ് പറഞ്ഞത് യു പിയിലെ കര്‍ഷകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കി. മുസ്സഫര്‍ നഗറില്‍ നടന്ന മഹാ പഞ്ചായത്തിലേക്ക് പതിനായിരങ്ങളാണ് എത്തിയത്.
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍ ഘാസിപൂരിലെത്തി ടികായതിനും കര്‍ഷകര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു.
ഡ്രോണ്‍ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ മഹാ പഞ്ചായത്തില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എത്തുന്നതായി കാണാം. മഹാപഞ്ചായത്ത് നടക്കുന്ന കോളജ് മൈതാനവും നിറഞ്ഞ് ആളുകള്‍ റോഡുകളില്‍ അണിനിരന്നു. ഇന്നലെ രാത്രി യുപി ഭരണകൂടം ഗാസിപൂരില്‍ നിന്ന് പ്രതിഷേധിച്ച കര്‍ഷകരെ ഒഴിപ്പിക്കാന്‍ ശ്രമിച്ചതോടെയാണ് മഹാപഞ്ചായത്ത് വിളിച്ചത്.
ബലപ്രയോഗത്തിലൂടെ കര്‍ഷക സമരം അടിച്ചമര്‍ത്താമെന്നാണ് യുപി പോലിസ് കരുതിയത്. അതിന്റെ ഭാഗമായി ഇന്നലെ പ്രതിഷേധം നടക്കുന്ന പ്രദേശത്തെ വൈദ്യുതിയും ജലവിതരണവും നിര്‍ത്തിവച്ചു. ഇതോടെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചു. പ്രതിഷേധം ശക്തമായതോടെ വൈദ്യുതിയും ജലവിതരണവും സര്‍ക്കാര്‍ പുന:സ്ഥാപിച്ചു.
കര്‍ഷകര്‍ക്ക് കുടിവെള്ളവും വൈദ്യുതിയും നിഷേധിച്ചതോടെ കര്‍ഷക സമര നേതാവ് രാകേഷ് ടികായത് പ്രതിഷേധവുമായി രംഗത്തെത്തി. 'അവര്‍ കര്‍ഷകരെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു, ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഒന്നുകില്‍ നിയമങ്ങള്‍ പിന്‍വലിക്കണം. അല്ലെങ്കില്‍ ഈ സമരത്തിന്റെ ഭാഗമായി ഞാന്‍ ജീവന്‍ ത്യജിക്കും. ഇത് കര്‍ഷകര്‍ക്കെതിരായ ഗൂഢാലോചയാണ്. ടികായത് കരഞ്ഞുകൊണ്ട് പറഞ്ഞു.
ടികായത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കര്‍ഷകര്‍ കൂട്ടംകൂട്ടമായി ഗാസിപൂരിലെത്തുകയും പ്രതിഷേധത്തില്‍ പങ്കാളികളാവുകയുമായിരുന്നു.
ഇതോടെ, ഗാസിപൂരിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ യുപി പോലിസുകാര്‍ക്ക് ഉദ്ദേശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 'ഇന്നലെ വൈകുന്നേരം ഗാസിപൂരില്‍ ബലപ്രയോഗം നടത്തിയത് ആരെയും കുടിയൊഴിപ്പിക്കലല്ല, മറിച്ച് സാമൂഹിക വിരുദ്ധര്‍ ആരും പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറുന്നില്ലെന്ന് ഉറപ്പുവരുത്താനായിരുന്നു. എന്നാല്‍ ചിലര്‍ സംഭവവികാസങ്ങളെ വളച്ചൊടിച്ചു,' കുമാര്‍ പറഞ്ഞു.