കൊവിഡ്: വിദേശ തബ് ലീഗുകാരെ ഭരണകൂടങ്ങളും മാധ്യമങ്ങളും വേട്ടയാടി-ബോംബെ ഹൈക്കോടതി
മുംബൈ: ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസിലെ ചടങ്ങില്‍ പങ്കെടുത്ത വിദേശ തബ് ലീഗ് ജമാഅത്ത് അംഗങ്ങളെ രാഷ്ട്രീയ ഭരണകൂടങ്ങളും മാധ്യമങ്ങളും ബലിയാടാക്കുകയും വേട്ടയാടുകയും ചെയ്‌തെന്നു ബോംബെ ഹൈക്കോടതി. തബ്ലീഗ് ജമാഅത്ത് ചടങ്ങില്‍ പങ്കെടുത്ത 29 വിദേശികള്‍ക്കെതിരേ സമര്‍പ്പിച്ച എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഇന്തോനേസ്യ, ഘാന, ടാന്‍സാനിയ, ഐവറി കോസ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിദേശ തബ് ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ മൂന്ന് പ്രത്യേക ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ലോക്ക് ഡൗണ്‍ ഉത്തരവ് ലംഘിച്ച് പ്രാര്‍ഥന നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ കേസെടുത്തതെന്നാണ് പോലിസിന്റെ വാദം.
നിസാമുദ്ദീന്‍ മര്‍കസിലെത്തിയ വിദേശികള്‍ക്കെതിരേ അച്ചടി മാധ്യമങ്ങളും ഇലക് ട്രോണിക്‌സ് മാധ്യമങ്ങളും സംഘടിതമായി വന്‍തോതില്‍ പ്രചാരണം നടത്തി. കൂടാതെ കൊവിഡ് 19 പടരാന്‍ ഇവരാണ് ഉത്തരവാദികളെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു. മഹാമാരികളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാവുമ്പോള്‍ രാഷ്ട്രീയ ഭരണകൂടങ്ങള്‍ ഇത്തരത്തില്‍ ബലിയാടുകളെ സൃഷ്ടിക്കാറുണ്ട്. കേസിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ വിദേശ തബ് ലീഗ് ജമാഅത്തുകാരെ ബലിയാടുകളാക്കിയതാവാനാണ് സാധ്യതയെന്നും കോടതി നിരീക്ഷിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തെ കുറിച്ചും കോടതി പരാമര്‍ശിച്ചു. വിദേശികള്‍ക്കും മുസ് ലിംകള്‍ക്കുമെതിരേ സ്വീകരിച്ച നടപടികള്‍ക്കു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ സംശയം.
തബ് ലീഗ് ജമാഅത്ത് ചടങ്ങിനെ തുടര്‍ന്നുള്ള മാധ്യമവേട്ടയില്‍ തബ് ലീഗ് ജമാഅത്ത് മേധാവി മൗലാനാ മുഹമ്മദ് സാദിനെ 'തീവ്രവാദി' എന്നും 'മരണത്തിന്റെ മൗലാന' എന്നും ചില മാധ്യമങ്ങള്‍ വിളിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്തവരെ 'മനുഷ്യ ബോംബുകള്‍' എന്നു വിശേഷിപ്പിച്ച ചിലര്‍ തീവ്രവാദ ഗ്രൂപ്പുകളുമായും പാകിസ്ഥാനുമായും ബന്ധിപ്പിക്കുകയും ചെയ്തിരുന്നു.
'Big propaganda and persecution': Bombay High Court slams media coverage of Tablighi Jamaat foreign nationals