ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ നിങ്ങളെ രാമക്ഷേത്രത്തില്‍ കൊണ്ടുപോകും: യോഗി

Update: 2020-10-21 05:50 GMT

പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് റാലികളില്‍ രാമക്ഷേത്ര നിര്‍മ്മാണവും ഭീകരതയ്‌ക്കെതിരെയുളള മോദി സര്‍ക്കാരിന്റെ നീക്കവും ചൂണ്ടിക്കാട്ടി യോഗിയുടെ പചാരണം. പട്‌നയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉദ്ഘാടനം കുറിച്ച് നടന്ന റാലിയില്‍ രാമക്ഷേത്ര നിര്‍മ്മാണം ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി നേതാവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥിന്റെ പ്രസംഗം.

ബിജെപി സ്ഥാനാര്‍ത്ഥിയെ നിങ്ങള്‍ വിജയിപ്പിച്ചാല്‍ അദ്ദേഹം നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തില്‍ കൊണ്ടുപോകും. തേത്രായുഗത്തില്‍ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ശ്രീരാമന്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേട്ടങ്ങളും ഭീകരതയ്‌ക്കെതിരെയുളള പോരാട്ടവും എന്‍ഡിഎ സഖ്യത്തില്‍ നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളും യോഗിയുടെ പ്രസംഗത്തില്‍ കടന്നുവന്നു.

പാകിസ്ഥാനിലേക്ക് കടന്നുകയറി ഭീകരരെ വകവരുത്തി. ഇങ്ങനെ ഭീകരവാദം ഇല്ലാതാക്കുകയാണ് മോദി സര്‍ക്കാരെന്നും പാകിസ്ഥാനിലെ ബലാക്കോട്ട് വ്യോമാക്രമണം പരാമര്‍ശിച്ച് കൊണ്ട് യോഗി പറഞ്ഞു. കൂടാതെ ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബിജെപിയുടെ പ്രഖ്യാപനവും മോദി സര്‍ക്കാര്‍ നടപ്പാക്കിയതായി യോഗി പറഞ്ഞു.

ബിഹാറില്‍ യോഗി ആദിത്യനാഥ് 18 തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുക്കുക. ഒരു ദിവസം പരമാവധി മൂന്ന് റാലികളിലായിരിക്കും യോഗിയുടെ പ്രസംഗം ഉണ്ടാകുക. പ്രധാനമന്ത്രി നരേന്ദ്രമോദി 12 റാലികളില്‍ പങ്കെടുക്കും. മൂന്ന് ഘട്ടങ്ങളായി നടക്കുന്ന ബീഹാര്‍ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഈ മാസം 28നാണ്. നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായിട്ടാണ് ബാക്കി രണ്ട് ഘട്ടങ്ങള്‍. നവംബര്‍ പത്തിനാണ് ഫല പ്രഖ്യാപനം.

Tags:    

Similar News