ബിഹാര്‍ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് ഉച്ചയ്ക്ക് 12.30ന് പ്രഖ്യാപിക്കും; കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പിലും തീരുമാനം

നവംബര്‍ 29നകം ബിഹാറില്‍ 243 അംഗങ്ങളുള്ള പുതിയ മന്ത്രിസഭ തിരഞ്ഞെടുക്കേണ്ടതിനാല്‍ ഒക്ടോബര്‍ മധ്യത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

Update: 2020-09-25 05:28 GMT

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചയ്ക്ക് 12.30ന് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കും. രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നടക്കുന്ന ആദ്യത്തെ നിയമസഭാ തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. നവംബര്‍ 29നകം ബിഹാറില്‍ 243 അംഗങ്ങളുള്ള പുതിയ മന്ത്രിസഭ തിരഞ്ഞെടുക്കേണ്ടതിനാല്‍ ഒക്ടോബര്‍ മധ്യത്തോടെ തിരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന.

മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടര്‍ച്ചയായ നാലാം തവണയും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. നിതീഷ് കുമാറിന്റെ ജെഡിയു, ബിജെപി, ചിരാഗ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി, ഹിന്ദുസ്ഥാന്‍ ആവാം മോര്‍ച്ച എന്നിവരാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ഈ തിരഞ്ഞെടുപ്പിലും എന്‍ഡിഎയെ മുന്നില്‍ നിന്ന് നയിക്കുന്നത് നിതീഷ് കുമാര്‍ തന്നെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ നിധീഷ് കുമാറിനെ കാത്ത് നിരവധി വെല്ലുവിളികളാണുള്ളത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാവും തിരിഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് പ്രചരണവും വോട്ട് ചെയ്യുന്നതും ഉള്‍പ്പെടെ കൃത്യമായ നിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കും. ഇതിന് പുറമേ പ്രളയവും ഒരു വലിയ തിരിച്ചടിയാണ്.

ലോക്ക്ഡൗണിന് പിന്നാലെ ഉണ്ടായ തൊഴിലില്ലായ്മ, പ്രവാസി പ്രശ്‌നങ്ങള്‍ എന്നിവയും നിതീഷ് കുമാറിന് മുന്നില്‍ വലിയ പ്രതിരോധമാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെതുടര്‍ന്ന് ജോലി നഷ്ടപ്പെട്ട് ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ തിരിച്ചെത്തിയ സംസ്ഥാനമാണ് ബിഹാര്‍.

അതേസമയം, കേരളത്തിലെ കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പിലും ഇന്ന് തീരുമാനം ഉണ്ടാവും. കുട്ടനാട്, ചവറ ഉപതിരഞ്ഞെടുപ്പുകള്‍ ഒഴിവാക്കുന്നതിനും നിലവിലെ സാഹചര്യം പരിഗണിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടാന്‍ സര്‍വകക്ഷി യോഗത്തില്‍ നേരത്തെ ധാരണയായിരുന്നു.

Tags:    

Similar News