ജെഡിയു ഹില്‍സയില്‍ ജയം പിടിച്ചെടുത്ത് 12 വോട്ടിന്: 7 മണ്ഡലങ്ങളില്‍ ജയം നിര്‍ണയിച്ചത് അഞ്ഞൂറില്‍ താഴെ വോട്ടുകള്‍
243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ വീണ്ടും വിധാന്‍ സഭയിലേക്ക് ചുവട് വച്ചത്.
പട്‌ന: രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബിഹാര്‍ നിയമസഭാതിരഞ്ഞെടുപ്പിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ നേരിയ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം ഭരണം നിലനിര്‍ത്തി. 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് എന്‍ഡിഎ വീണ്ടും വിധാന്‍ സഭയിലേക്ക് ചുവട് വച്ചത്. കേവല ഭൂരിപക്ഷം നേടാന്‍ വേണ്ടിയിരുന്നത് 122 സീറ്റുകളായിരുന്നു. ശക്തമായ മല്‍സരം കാഴ്ചവച്ച ആര്‍ജെഡി നേതൃത്വം നല്‍കിയ മഹാസഖ്യത്തിന് 110 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.75 സീറ്റുകളുമായ തേജസ്വി പ്രതാപിന്റെ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. ഭരണം നിലനിര്‍ത്താന്‍ ആയെങ്കിലും 43 സീറ്റുകള്‍ മാത്രമാണ് ജെഡിയുവിന് നേടാനായത്. ഒറ്റയ്ക്കു മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒറ്റ സീറ്റില്‍ ഒതുങ്ങി.
കോണ്‍ഗ്രസും നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റില്‍ മാത്രമാണ് ജയിച്ച് കയറാനായത്. അസദുദ്ദീന്‍ ഉവൈസിയുടെ എംഐഎംഐഎം മികച്ച പ്രകടനവുമായി അഞ്ചിടങ്ങളില്‍ ജയിച്ചു.
നിരവധി മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ചത് ചെറിയ മാര്‍ജിനിലുള്ള വോട്ടുകളായിരുന്നു. 11 മണ്ഡലങ്ങളില്‍ ആയിരത്തില്‍ താഴെ വോട്ടുകളാണ് ഗതി നിര്‍ണയിച്ചതെങ്കില്‍ ഏഴു മണ്ഡലങ്ങളില്‍ 500ല്‍ താഴെ വോട്ടുകളുടെ ബലത്തിലാണ് ചിലര്‍ ജയിച്ചു കയറിയത്.
ഹില്‍സയില്‍ ജെഡിയു ജയം വെറും 12 വോട്ടിനാണ് വിധാന്‍ സൗദയിലേക്ക് ഓടിക്കയറിയത്. ബര്‍ബിഘ (113 വോട്ട്), ദേഹ്രി (464) എന്നിവിടങ്ങളില്‍ ആര്‍ജെഡി ബച്വാരയില്‍ ബിജെപി (484), ഭോറായില്‍ ജെഡിയു (462) മതിഹനിയില്‍ എല്‍ജെപി 333 വോട്ടിനുമാണ് ജയിച്ചത്.പുലര്‍ച്ചെ മൂന്നു മണിയോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് അന്തിമഫലം പുറത്തുവന്നത്.