മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാനൊരുങ്ങി നിതീഷ് കുമാറിന്റെ ജെഡിയു
നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പുറത്തുപോകുകയും ചെയ്‌തെങ്കിലും ജെഡിയു ബിരേന്‍ സിംഗ് സര്‍ക്കാരിന് പിന്തുണ നല്‍കിവരികയായിരുന്നു. സെപ്റ്റംബര്‍ 3,4 തീയതികളില്‍ പട്‌നയില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജെഡിയു ദേശീയ നേതാക്കളുമായി പാര്‍ട്ടിയുടെ മണിപ്പൂര്‍ യൂണിറ്റ് നടത്തുന്ന നിര്‍ണായക യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും.
ഗുവാഹത്തി: മണിപ്പൂരിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനുള്ള പിന്തുണ നിതീഷ് കുമാറിന്റെ ജനതാദള്‍ (യുനൈറ്റഡ്) ഉടന്‍ പിന്‍വലിക്കുമെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇത് ബിരേന്‍ സിംഗ് സര്‍ക്കാരിന് ഭീഷണിയാകാന്‍ സാധ്യതയില്ലെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
നിലവില്‍ 60 സീറ്റുകളുള്ള നിയമസഭയില്‍ 55 എംഎല്‍എമാരുടെ പിന്തുണയോടെയാണ് ബിജെപി നേതൃത്വത്തിലുള്ള സഖ്യം ഭരണം നടത്തുന്നത്. ഇതില്‍ ഏഴ് ജെഡിയു അംഗങ്ങളും ഉള്‍പ്പെടുന്നു. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ ഭരണസഖ്യത്തിലെ അംഗങ്ങളുടെ എണ്ണം 48ല്‍ എത്തും. എന്നാല്‍, ഭൂരിപക്ഷത്തിന് 31 അംഗങ്ങളുടെ പിന്തുണ മാത്രം മതി.
നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയും ദേശീയ ജനാധിപത്യ സഖ്യത്തില്‍ നിന്ന് പുറത്തുപോകുകയും ചെയ്‌തെങ്കിലും ജെഡിയു ബിരേന്‍ സിംഗ് സര്‍ക്കാരിന് പിന്തുണ നല്‍കിവരികയായിരുന്നു. സെപ്റ്റംബര്‍ 3,4 തീയതികളില്‍ പട്‌നയില്‍ നടക്കുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ജെഡിയു ദേശീയ നേതാക്കളുമായി പാര്‍ട്ടിയുടെ മണിപ്പൂര്‍ യൂണിറ്റ് നടത്തുന്ന നിര്‍ണായക യോഗത്തില്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. ഈ വര്‍ഷം ആദ്യം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ബിജെപിയും ജെഡിയുവും സഖ്യത്തിലായിരുന്നില്ല.
തെരഞ്ഞെടുപ്പിന് ശേഷം, പാര്‍ട്ടി എന്‍ഡിഎയുടെ ഭാഗമായതിനാല്‍ ഏഴ് ജെഡിയു എംഎല്‍എമാര്‍ ബിരേന്‍ സിംഗ് സര്‍ക്കാരിന് പിന്തുണ നല്‍കിയതായി മണിപ്പൂര്‍ യൂണിറ്റ് വൃത്തങ്ങള്‍ അറിയിച്ചു.ജെഡിയുവിന്റെ മണിപ്പൂര്‍ ഘടകം ഓഗസ്റ്റ് 10ന് നടന്ന അവസാന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം ആദ്യമാണ് നിതീഷ് കുമാര്‍ ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചത്.