പട്‌ന: ബിഹാറില്‍ 11 ഡോസ് വാക്‌സിനെടുത്തതായി അവകാശപ്പെട്ട 84കാരനെതിരേ പോലിസ് കേസെടുത്തു. മധേപുര ജില്ലയിലെ ഒറായ് സ്വദേശിയായ ബ്രഹ്മദേവ് മണ്ഡലാണ് പന്ത്രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുമ്പ് പിടിയിലായത്. ഇയാള്‍ക്കെതിരേ പുറേനിയിലെ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ബിഹാര്‍ പോലിസ് അറിയിച്ചു. അന്വേഷണം നടക്കുകയാണ്. വിവിധ തിരിച്ചറിയല്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വിവിധ തിയ്യതികളിലും സ്ഥലങ്ങളിലും ആരോഗ്യപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ 11 വാക്‌സിന്‍ ഡോസുകള്‍ എടുത്തത്.
വാക്‌സിനേഷന്‍ നിയമങ്ങള്‍ ലംഘിച്ച് മണ്ഡല്‍ 2021 ഫെബ്രുവരി 13 നും 2022 ജനുവരി നാലിനും ഇടയിലാണ് ഇത് ചെയ്തതെന്ന് പരാതിയില്‍ ആരോപിക്കുന്നതെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു. വാക്‌സിനെടുക്കാന്‍ തുടങ്ങിയതിനുശേഷം തനിക്ക് ഒരിക്കലും അസുഖം വന്നിട്ടില്ലെന്നും ആവര്‍ത്തിച്ചുള്ള കുത്തിവയ്പ്പിന് ശേഷം തന്റെ ആരോഗ്യം മെച്ചപ്പെട്ട് തുടങ്ങിയെന്നും മണ്ഡല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ ശരിയോ തെറ്റോ എന്നത് അന്വേഷണ വിഷയമാണെന്ന് മധേപുരയിലെ സിവില്‍ സര്‍ജന്‍ ഡോ. അമരേന്ദ്ര പ്രതാപ് ഷാഹി പറഞ്ഞു.
അവകാശവാദങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയാല്‍ ഞങ്ങള്‍ ആശുപത്രി രേഖകള്‍ പരിശോധിച്ച് വിഷയത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് ഇപ്പോഴും വലിയൊരു വിഭാഗം ജനതയ്ക്കും രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ല. വാക്‌സിനേഷനായി ജനങ്ങള്‍ കാത്തിരിക്കുമ്പോഴാണ് താന്‍ 11 ഡോസ് വാക്‌സിന്‍ സ്വീകരിച്ചെന്ന അവകാശവാദവുമായി ബിഹാറുകാരന്‍ രംഗത്തെത്തിയത്. എട്ടുതവണ തന്റെ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉപയോഗിച്ചാണ് ഇയാള്‍ വാക്‌സിന്‍ സ്വീകരിച്ചത്.
മൂന്ന് തവണയാകട്ടെ, ഭാര്യയുടെ ഫോണ്‍ നമ്പറും തന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുമാണ് ഇയാള്‍ രജിസ്‌ട്രേഷനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ ബുക്കിങ് ആവശ്യമില്ലാത്ത വാക്‌സിന്‍ വിതരണ ക്യാംപുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യവകുപ്പ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ഇത്തരം ക്യാംപുകളില്‍ വാക്‌സിനെടുക്കുന്നവരുടെ ആധാര്‍ വിവരങ്ങളും ഫോണ്‍നമ്പറും പിന്നീടാണ് ഡേറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. വിവരങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത് നിരസിക്കപ്പെടുകയും ഡോസ് സ്വീകരിച്ച വിവരം രേഖപ്പെടുത്താതെ പോവുകയുമാണെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടിരിക്കുകയാണ്.