മൂര്‍ഖന്‍ പാമ്പിന് രാഖി കെട്ടാന്‍ ശ്രമം; 25കാരന് ദാരുണാന്ത്യം (വീഡിയോ)

പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിച്ച പാമ്പുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റ് ദാരുണാന്ത്യമുണ്ടായത്.

Update: 2021-08-23 14:14 GMT

പറ്റ്‌ന: ബിഹാറിലെ ശരണില്‍ രക്ഷാബന്ധന്‍ ഉത്സവം ദുരന്തമായി മാറി. പാമ്പുകള്‍ക്കൊപ്പം രക്ഷാബന്ധന്‍ ദിനം ആഘോഷിച്ച പാമ്പുപിടുത്തക്കാരനായ മന്‍മോഹന്‍ എന്ന യുവാവിനാണ് പാമ്പുകടിയേറ്റ് ദാരുണാന്ത്യമുണ്ടായത്. ശരാനിലെ മാഞ്ചി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.

രണ്ട് പാമ്പിനെ പിടികൂടിയ ശേഷം ചേര്‍ത്തുപിടിച്ച് വാലില്‍ രാഖി കെട്ടുന്നതിനിടെ അതിലൊരു പാമ്പ് 25കാരനെ ഇഴഞ്ഞുവന്ന് കൊത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ പത്തുവര്‍ഷമായി പാമ്പുപിടുത്തം നടത്തുന്നയാളാണ് മരിച്ച യുവാവ്. ഇയാള്‍ പലര്‍ക്കും വിഷചികിത്സയും നല്‍കിയിരുന്നു.

സംഭവത്തിന്റെ വീഡിയോയില്‍ മന്‍മോഹന്‍ രണ്ട് പാമ്പുകളെ വാലില്‍ പിടിച്ചിരിക്കുന്നതായി കാണാം. രാഖി കെട്ടല്‍ ചടങ്ങ് കാണാന്‍ കുട്ടികള്‍ ഉള്‍പ്പെടെ ഗ്രാമത്തില്‍ നിന്നുള്ള ധാരാളം പേര്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പലരും അവരുടെ മൊബൈല്‍ ഫോണില്‍ ഈ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. മന്‍മോഹന്‍ പാമ്പുകളിലൊന്നില്‍ 'ടിക്ക' ഇടാന്‍ ശ്രമിച്ചപ്പോള്‍ മറ്റേ പാമ്പ് പതുക്കെ ഇഴഞ്ഞ് മന്‍മോഹന്റെ കാലില്‍ കടിക്കുകയായിരുന്നു.

കടിയേറ്റതിനു പിന്നാലെ കാല്‍ പരിശോധിക്കാന്‍ മന്‍ മോഹന്‍ പെട്ടെന്ന് എഴുന്നേറ്റു. കുറച്ച് നേരത്തേക്ക് പ്രശ്‌നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് തലകറക്കം അനുഭവപ്പെട്ടു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്കിടെ മരിക്കുകയുമായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

Tags:    

Similar News