ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വിവാഹമോചിതരാവുന്നു

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ സംയുക്ത പ്രവര്‍ത്തനം തുടരുമെന്ന് ദമ്പതികള്‍

Update: 2021-05-04 01:30 GMT

വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വിവാഹമോചിതരാവുന്നു. 27 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വിവാഹമോചനം നേടുന്നതായി ഇരുവരും പ്രഖ്യാപിച്ചത്. ലോകത്തെ ഏറ്റവും സമ്പന്നരായ ദമ്പതികളിലൊരാളാണ് ഇവര്‍. 130 ബില്യണ്‍ ഡോളര്‍ സംയുക്ത ആസ്തി കണക്കാക്കിയ ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും ലോകമെമ്പാടുമുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കോടിക്കണക്കിന് പേരെയാണ് സഹായിച്ചിട്ടുള്ളത്. ലോകാആരോഗ്യം, ലിംഗസമത്വം, വിദ്യാഭ്യാസം, മറ്റ് കാരണങ്ങള്‍ എന്നിവയ്ക്കുള്ള പരിപാടികള്‍ക്ക് ധനസഹായം നല്‍കുന്ന ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ സംയുക്ത പ്രവര്‍ത്തനം തുടരുമെന്ന് ദമ്പതികള്‍ ട്വിറ്ററില്‍ അറിയിച്ചു.

    വളരെയധികം ചിന്തിച്ചശേഷമാണ് ഞങ്ങളുടെ ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനം ഞങ്ങള്‍ എടുത്തതെന്ന് ഇരുവരും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍, വിവാഹമോചനത്തിന്റെ കാരണത്തെ കുറിച്ച് പ്രസ്താവനയില്‍ വിശദീകരിച്ചിട്ടില്ല. ലോകത്തെ ഏറ്റവും ധനികരായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെയും ഭാര്യ മക്കെന്‍സിയുടെയും വിവാഹമോചനത്തിന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ബില്‍ ഗേറ്റ്‌സ്-മെലിന്‍ഡ ദമ്പതികളുടെ പ്രഖ്യാപനം. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ധനികനായ 65 കാരനായ ബില്‍ ഗേറ്റ്‌സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഏര്‍പ്പെടുന്നതിനായി 2008 ല്‍ മൈക്രോസോഫ്റ്റ് ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് വിരമിച്ചിരുന്നു. 56 കാരിയായ മെലിന്‍ഡ ഗേറ്റ്‌സ് 1987ല്‍ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നതിന് ശേഷമാണ് ബില്‍ ഗേറ്റ്‌സിനെ കണ്ടുമുട്ടിയത്. 1994 ല്‍ ഇരുവരും വിവാഹിതരായി.

    ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലേറിയ, പകര്‍ച്ചവ്യാധി നിയന്ത്രണം, കാര്‍ഷിക ഗവേഷണം, അടിസ്ഥാന ആരോഗ്യ പരിരക്ഷ, ശുചിത്വം എന്നിവയുള്‍പ്പെടെ രണ്ട് ദശകങ്ങളിലായി 54 ബില്യണ്‍ ഡോളറിലധികം ധനസഹായം നല്‍കിയിരുന്നു. സമീപ കാലങ്ങളില്‍ ബില്‍ ഗേറ്റ്‌സ് മൈക്രോസോഫ്റ്റില്‍ നിന്നും ടെക് വ്യവസായത്തില്‍ നിന്നും സ്വയം അകലുകയും പകരം ദാരിദ്ര്യത്തെക്കുറിച്ചും ആരോഗ്യ സംരംഭങ്ങളെക്കുറിച്ചും കൊറോണ വൈറസ് മഹാമാരിയെ കുറിച്ചുമാണ് സംസാരിക്കുന്നത്. കൊവിഡിനെ ചെറുക്കാന്‍ കഴിഞ്ഞ വര്‍ഷം ഫൗണ്ടേഷന്‍ 250 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. ജീവന്‍ രക്ഷാ മരുന്നുകള്‍ ആഫ്രിക്കയുടെയും ദക്ഷിണേഷ്യയുടെയും ഭാഗങ്ങളിലേക്ക് വിതരണം ചെയ്തു. കൊവിഡിനെ കുറിച്ച് 2015ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്ന ഗേറ്റ്‌സിന്റെ വെളിപ്പെടുത്തല്‍ കൊവിഡിനു പിന്നില്‍ ഗൂഢാലോചനയാണെനന് വാദത്തിനും കാരണമായിരുന്നു.

Bill And Melinda Gates Announce Divorce After 27 Years Of Marriage

Tags:    

Similar News