ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് വീണ്ടും ചോദ്യം ചെയ്യുന്നു
ബംഗ്ളൂരു: സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ബിനീഷിനെ എൻഫോഴ്സ്മെന്റ് വിളിച്ചുവരുത്തുന്നത്. ബംഗ്ളൂരുവിലെ ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് എൻഫോഴ്സ്മെന്റ് അന്വേഷണം. ഇന്ന് രാവിലെ 11 മണിയോടെയാണ് ബംഗ്ളൂരുവിലെ സോണല്‍ ഓഫീസില്‍ ബിനീഷ് കോടിയേരി ഹാജരായത്. 2020 ഓഗസ്റ്റ് 21നാണ് ബിനീഷിനെ ആദ്യമായി ചോദ്യം ചെയ്തത്. രണ്ടാമത് ചോദ്യം ചെയ്യാനായി ഒക്ടോബര്‍ 21ന് വീണ്ടും വിളിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങളാല്‍ ബിനീഷ് ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് വീണ്ടും ഹാജരായത്.
ലഹരിമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നത്. അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങുന്നതിനായി ബിനീഷ് കോടിയേരി സാമ്പത്തികമായി സഹായിച്ചിരുന്നു. ഇത് സംബന്ധിച്ച് ഇരുവരും നേരത്തെ മൊഴി നൽകിയിരുന്നു. ബിനീഷ് പറഞ്ഞത് അനുസരിച്ചാണ് മറ്റുളളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്നും അനൂപ് മൊഴി നൽകിയിരുന്നു.പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലായിരുന്നു അനൂപിന്റെ വെളിപ്പെടുത്തലുകൾ. ഇത് മുൻനിർത്തിയാണ് ചോദ്യം ചെയ്യൽ എന്നാണ് വിവരം.