പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് സ്ഥലങ്ങളുടെയും 10 കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിവില്‍പ്പന നിരോധിച്ചു

ഇതോടൊപ്പം അലങ്കാരപക്ഷികളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പക്ഷിവിഭവങ്ങളൊന്നും (കോഴി, കാട, താറാവ്) വില്‍ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.

Update: 2020-03-07 16:49 GMT

കോഴിക്കോട്: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍മുന്‍കരുതല്‍ നടപടികള്‍ സജീവമാക്കി അധികൃതര്‍. ജില്ലയില്‍ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കളക്ടറെ ചുമതലപ്പെടുത്തിയതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ പത്തുകിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ കോഴിവില്‍പനയ്ക്ക് അധികൃതര്‍ നിരോധനമേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് ഇവിടങ്ങളിലെ ചിക്കന്‍ സ്റ്റാളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം അലങ്കാരപക്ഷികളുടെ വില്‍പനയും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു ഉത്തരവ് ഉണ്ടാവും വരെ പഞ്ചായത്തിലെ ഹോട്ടലുകളില്‍ പക്ഷിവിഭവങ്ങളൊന്നും (കോഴി, കാട, താറാവ്) വില്‍ക്കുന്നതും ഉത്തരവിലൂടെ വിലക്കിയിട്ടുണ്ട്.

വെസ്റ്റ് കൊടിയത്തൂരിലെയും വേങ്ങേരിയിലെയും ഒരു കിലോമീറ്റര്‍ ചുറ്റളവിലെ വളര്‍ത്തുപക്ഷികളെ കൊന്ന് ദഹിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ചുപേര്‍ വീതമുള്ള 25 പ്രതിരോധസംഘങ്ങളെ മൃഗസംരക്ഷണ വകുപ്പ് നിയോഗിച്ചു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഒരെണ്ണം കോഴിഫാമും ഒന്ന് നഴ്‌സറിയുമാണ്.

വ്യാഴാഴ്ച തന്നെ രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടോയെന്ന് സംശയം തോന്നിയിരുന്നു. മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധനയില്‍ പക്ഷിപ്പനി സംശയം ബലപ്പെട്ടു. തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകള്‍ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധിച്ച് പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. മനുഷ്യരിലേക്ക് പകരുമെന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ രാജു പറഞ്ഞു.

Tags:    

Similar News