ബിജെപി സഖ്യകക്ഷി എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടില്‍ എന്‍പിആര്‍ നിര്‍ത്തിവച്ചു

സര്‍വേയുടെ ചോദ്യാവലയില്‍നിന്ന് മൂന്ന് ഭാഗങ്ങളിലായി പുതുതായി ചേര്‍ത്ത ആറ് ചോദ്യങ്ങള്‍ നീക്കംചെയ്യാന്‍ ഇ പളനിസ്വാമി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു

Update: 2020-03-13 01:41 GMT

ന്യൂഡല്‍ഹി: ബിജെപിയുടെ സഖ്യകക്ഷിയായ എഐഎഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) നടപടികള്‍ നിര്‍ത്തിവച്ചു. വിഷയത്തില്‍ സംസ്ഥാനം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. എന്‍പിആര്‍ സര്‍വേയുടെ ചോദ്യാവലയില്‍നിന്ന് മൂന്ന് ഭാഗങ്ങളിലായി പുതുതായി ചേര്‍ത്ത ആറ് ചോദ്യങ്ങള്‍ നീക്കംചെയ്യാന്‍ ഇ പളനിസ്വാമി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കാത്തതിനാലാണ് എന്‍പിആര്‍ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ചത്. എന്‍പിആറിലെ മൂന്ന് ചോദ്യങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ ഞങ്ങള്‍ എന്‍പിആര്‍ നടപ്പാക്കുന്നതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. സെന്‍സസിനു വേണ്ടി മാത്രമാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ എന്‍ഡിടിവിയോട് പറഞ്ഞു. വിശദീകരണം ആവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്രം മറുപടി നല്‍കിയിട്ടില്ല.

    സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ നിയമസഭാ പ്രമേയങ്ങള്‍ അംഗീകരിക്കാന്‍ ഭരണകക്ഷിയായ എഐഎഡിഎംകെ ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ ഡിഎംകെയും മുസ്‌ലിം സമുദായസംഘടനകളും രണ്ട് വന്‍ റാലികള്‍ നടത്തിയതോടെ പാര്‍ട്ടി നിലപാട് മാറ്റുകയും വിവാദ ചോദ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കുകയുമായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഐഡിഎംകെയ്ക്ക് 39 സീറ്റുകളില്‍ ഒന്നിലും ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാത്രമല്ല, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. എന്‍പിആറിലെ പുതിയ ചോദ്യങ്ങള്‍ വിവാദ ദേശീയ പൗരത്വ രജിസ്റ്ററിന് അടിത്തറ പാകുന്നതിനുള്ള പ്രക്രിയയാണെന്നു നിരവധി സംസ്ഥാന സര്‍ക്കാരുകള്‍ സംശയമുന്നയിച്ചിരുന്നു. എന്‍ആര്‍സി നടപ്പാക്കാന്‍ വിസമ്മതിച്ച കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും മമത ബാനര്‍ജിയുടെ ബംഗാളും ഇടതുപക്ഷം ഭരിക്കുന്ന കേരളവും എന്‍ആര്‍സിയും സിഎഎയും മുസ്‌ലിംകളെ ഉപദ്രവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുമെന്ന് വാദിക്കുന്നുണ്ട്. ബിജെപി സഖ്യകക്ഷിയായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും എന്‍പിആര്‍ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചവരില്‍പെടുന്നുണ്ട്. നിലവിലെ രൂപത്തില്‍ എന്‍ആര്‍സിയും എന്‍പിആറും സംസ്ഥാനത്ത് നടപ്പാക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവ് ആവശ്യപ്പെട്ട് ബിഹാര്‍ കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. എന്‍പിആറിലെ പുതിയ ചോദ്യങ്ങളില്‍ മാതാപിതാക്കളുടെ ജന്മസ്ഥലം ഉള്‍പ്പെടുന്നുണ്ട്.




Tags:    

Similar News