ദേശീയ ജനസംഖ്യാ രജിസ്റ്റര്‍: തനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു
താന്‍ ജനിച്ചപ്പോള്‍ തങ്ങള്‍ക്ക് 580 ഏക്കര്‍ സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും തന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തപ്പോള്‍ ദലിതരും ആദിവാസികളും ദരിദ്രരും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ ഹാജരാക്കുമെന്നും അദ്ദേഹം ചോദിച്ചു.
ഹൈദരാബാദ്: തനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് വെളിപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ദേശീയ ജനസംഖ്യ രജിസ്റ്ററുമായി (എന്‍പിആര്‍) ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ സംസ്ഥാന നിയമസഭയിലാണ് കെ ചന്ദ്രശേഖര്‍ റാവു ഇക്കാര്യം വെളിപ്പെടുത്തിയത്.
തനിക്ക് തന്നെ ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നിരിക്കെ താന്‍ എങ്ങിനെ തന്റെ പിതാവിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുമെന്നും ദേശീയ ജനസംഖ്യ രജിസ്റ്ററിന്റെ (എന്‍പിആര്‍) പുതിയ ഫോര്‍മാറ്റിനെ പരാമര്‍ശിച്ച് ചന്ദ്രശേഖര്‍ റാവു ചോദിച്ചു. ഏപ്രില്‍ ഒന്നു മുതല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍പിആര്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണ്.
'ഇത് തന്നിലും ആശങ്ക ഉളവാക്കുന്നു, ഗ്രാമത്തിലെ വസതിയിലാണ് താന്‍ ജനിച്ചത്. ആ സയമത്ത് അവിടെ ആശുപത്രികള്‍ ഉണ്ടായിരുന്നില്ല. ഗ്രാമമുഖ്യന്‍ എഴുതുന്ന ഔദ്യോഗിക മുദ്രയില്ലാത്ത 'ജന്മ നാമ'യാണ് അക്കാലത്തുണ്ടായിരുന്നതെന്നും കെസിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന മുഖ്യമന്ത്രി വ്യക്തമാക്കി.
'താന്‍ ജനിച്ചപ്പോള്‍ തങ്ങള്‍ക്ക് 580 ഏക്കര്‍ സ്ഥലവും ഒരു കെട്ടിടവും ഉണ്ടായിരുന്നു. ഇതൊക്കെ ഉണ്ടായിരുന്നിട്ടും തന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തപ്പോള്‍ ദലിതരും ആദിവാസികളും ദരിദ്രരും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ എങ്ങനെ ഹാജരാക്കുമെന്നും അദ്ദേഹം ചോദിച്ചു.
തെലങ്കാന രാഷ്ട്ര സമിതിക്ക് (ടിആര്‍എസ്) ഉറച്ച പ്രതിബദ്ധതകളും ആശയാടിത്തറയും ഉണ്ടെന്നും ഇക്കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും എന്‍പിആറുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ കെസിആര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമ (സിഎഎ)വുമായി ബന്ധപ്പെട്ട് ഏറ്റവും പ്രകോപനം സൃഷ്ടിക്കുന്ന കാര്യം മതം, ജാതി തുടങ്ങിയ പരിഗണിക്കാതെ എല്ലാ പൗരന്മാരെയും തുല്യമായി പരിഗണിക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കു എതിരാണ് എന്നതാണ്. ഒരു പരിഷ്‌കൃത സമൂഹവും ഒരു പ്രത്യേക മതത്തിലെ ആളുകളെ അകറ്റിനിര്‍ത്തുന്ന നിയമം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎന്നിലും മറ്റു അന്താരാഷ്ട്ര സംഘടനകളും ഈ വിഷയം ചര്‍ച്ചയായതിനാല്‍ അത്തരം ഒരു നിയമം കാരണം രാജ്യത്തിന് മാന്യത നഷ്ടപ്പെടുന്നതായും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.