സൗദിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് നടപടികള്‍ ലളിതമാക്കി; പ്രവാസികള്‍ക്ക് ആശ്വാസം
ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികള്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗം(അഹ്‌വാലുല്‍ മദനി) ലളിതമാക്കിയത് മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ്.
റിയാദ്: സൗദി അറേബ്യയില്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികള്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗം ലളിതമാക്കി. ആശുപത്രികളില്‍നിന്നുള്ള ബെര്‍ത്ത് നോട്ടിഫിക്കേഷന്‍ രേഖ ഇനിമുതല്‍ സിവില്‍ അഫയേഴ്‌സ് ഓഫിസില്‍ ഹാജരാക്കേണ്ടതില്ല. ആശുപത്രികളും സിവില്‍ അഫയേഴ്‌സ് ഓഫിസുകളും ആരോഗ്യ മന്ത്രാലയം ഓണ്‍ലൈന്‍ മുഖേന ബന്ധിപ്പിച്ചു. ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികള്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗം(അഹ്‌വാലുല്‍ മദനി) ലളിതമാക്കിയത് മലയാളികളടക്കമുള്ള നിരവധി പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാണ്. നേരത്തേ സൗദിയില്‍ ജനന സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ ചില നൂലാമാലകള്‍ ഉണ്ടായിരുന്നു. ജനനം നടന്നയുടനെ പിതാവ് ആശുപത്രിയിലെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജനിച്ച കാര്യം രജിസ്റ്റര്‍ ചെയ്യണം. ഈ നോട്ടിഫിക്കേഷന്‍ സിവില്‍ രജിസ്‌ട്രേഷന്‍ വിഭാഗത്തിന് നേരിട്ട് ലഭിക്കും. നേരത്തെ ഇതിന്റെ രേഖ രക്ഷിതാവ് ഹാജരാക്കണമായിരുന്നു. ആശുപത്രിയിലെ നോട്ടിഫിക്കിഷേന്‍ രജിസ്‌ട്രേഷന് ശേഷം അബ്ശിര്‍ വഴി തിയ്യതിയും സമയവും സിവില്‍ രജിസ്‌ട്രേഷന്‍ ഓഫിസും തിരഞ്ഞെടുക്കാം. ശേഷം ആവശ്യമായ രേഖകള്‍ സഹിതം നിശ്ചിത ഓഫിസില്‍ പോവണം.ഇവിടെ രക്ഷിതാക്കളുടെ അസ്സല്‍ പാസ്‌പോര്‍ട്ടും ഇഖാമയും അപേക്ഷ ഫോമും നല്‍കിയാല്‍ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ജനനം നടന്ന് ഒരു മാസത്തിനകം തന്നെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. വൈകിയാല്‍ പിഴയീടാക്കിയിരുന്നു. ഒരു മാസത്തിനു ശേഷമാണ് ഓഫിസില്‍ ഹാജരാകുന്നതെങ്കില്‍ 50 റിയാലായിരുന്നു പിഴ. സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത് വൈകിയാല്‍ ഒരോ വര്‍ഷത്തിനും 50 റിയാല്‍ വീതം പിഴയൊടുത്തണം. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റിന് പകരം മറ്റൊന്ന് ലഭിക്കണമെങ്കില്‍ പ്രാദേശിക അറബ് പത്രത്തില്‍ പരസ്യം നല്‍കി അബ്ശിര്‍ വഴി ഒരു മാസം കഴിഞ്ഞുള്ള തിയ്യതിയും സമയവും സ്ഥലവും തിരഞ്ഞെടുത്താണ് സിവില്‍ ഓഫിസിലെത്തേണ്ടിയിരുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സാക്ഷ്യപ്പെടുത്തലും പൂര്‍ത്തിയാക്കിയ ശേഷം എംബസിയിലോ കോണ്‍സുലേറ്റിലോ സമര്‍പ്പിച്ച് ഇന്ത്യന്‍ ജനന സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കണം.