അബ്ദുര്‍റഹീമിന്റെ ജയില്‍ മോചനം: മാപ്പ് നല്‍കാനുള്ള കരാറില്‍ ഇരുവരുടെയും അഭിഭാഷകര്‍ ഒപ്പിട്ടു
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന മലയാളിയായ അബ്ദുര്‍റഹീമിന്റെ മോചനത്തിനുള്ള ഒരുചുവട് കൂടി പിന്നിട്ടു. മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയുള്ള കരാറില്‍ ഇരുകൂട്ടരുടെയും അഭിഭാഷകര്‍ ഒപ്പുവച്ചു. ദിയാധനം വാങ്ങി മാപ്പ് നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ചുള്ള കരാറിലാണ് വാദി ഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരുടെ സമ്മതപത്രത്തില്‍ ഒപ്പിട്ടത്. ഇതോടെ അബ്ദുര്‍റഹീമിന്റെ മോചനം ഉടനുണ്ടായേക്കും. മോചനത്തിനു വേണ്ടി സമാഹരിച്ച ദിയാധനമായ 34 കോടി രൂപയ്ക്ക് തുല്യമായ സൗദി റിയാലിന്റെ ചെക്ക് ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍നിന്ന് റിയാദ് ഗവര്‍ണറേറ്റിന് കൈമാറിയിട്ടുണ്ട്. ഇനി കോടതി നടപടികള്‍ പൂര്‍ത്തിയായാല്‍ റഹീമിന്റെ മോചനം യാഥാര്‍ഥ്യമാവും.
തിങ്കളാഴ്ച രാവിലെയാണ് ഇരുവിഭാഗവും ഗവര്‍ണറേറ്റിലെത്തി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കരാറില്‍ ഒപ്പുവച്ചത്. എംബസി ഉദ്യോഗസ്ഥര്‍ക്കൊപ്പം റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ധീഖ് തുവ്വൂരും ഗവര്‍ണറേറ്റില്‍ എത്തിയിരുന്നു. ദിയാധനമായ ഒന്നരക്കോടി സൗദി റിയാലിന്റെ ചെക്കാണ് ഗവര്‍ണറേറ്റിന് കൈമാറിയത്. അനുരഞ്ജന കരാറെന്ന സുപ്രധാന നടപടി പൂര്‍ത്തിയായതോടെ വക്കീലിനുള്ള ചെക്ക് സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫയും കൈമാറി. ഇതോടെ അബ്ദുര്‍ റഹീം കേസിലെ പുറത്തുനിന്നുള്ള എല്ലാ നടപടിക്രമങ്ങളും അവസാനിച്ചതായി സഹായസമിതി ഭാരവാഹികള്‍ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ അനുരഞ്ജന കരാറും ചെക്കും ഉള്‍പ്പെടെയുള്ള രേഖകള്‍ ഗവര്‍ണറേറ്റ് കോടതിയിലേക്ക് കൈമാറും. അപ്പോഴേക്കും ഇരുവിഭാഗം വക്കീലുമാരും കോടതിയുടെ സമയം തേടും. എല്ലാ രേഖകളും പരിശോധിച്ചായിരിക്കും കോടതി സിറ്റിങിന് സമയം അനുവദിക്കുക. കോടതി സമയം അനുവദിക്കുന്ന ദിവസം വധശിക്ഷ റദ്ദാക്കലും മോചനവും ഉള്‍പ്പെടെയുള്ള വിധിയുണ്ടാവുമെന്നാണ് സൂചന. ബലിപെരുന്നാള്‍ അവധിക്ക് മുമ്പ് കോടതി സമയം അനുവദിച്ചാല്‍ പെരുന്നാള്‍ കഴിഞ്ഞ് അധികം വൈകാതെ തന്നെ മോചനം സാധ്യമാവുമെന്നാണ് കരുതുന്നത്.