ബിജെപിയുടെ കുഴല്‍പ്പണം കവര്‍ച്ച നടത്തിയ കേസ്; ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയില്‍

ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂര്‍ ആണ് ഹര്‍ജി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

Update: 2021-06-04 02:30 GMT

കൊച്ചി: കൊടകരയില്‍ ബിജെപിയുടെ കുഴല്‍പ്പണം കവര്‍ച്ച നടത്തിയ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക് താന്ത്രിക് യുവ ജനതാദള്‍ നേതാവ് സലീം മടവൂര്‍ ആണ് ഹര്‍ജി നല്‍കിയത്. കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

സംഭവത്തില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമ പ്രകാരം നടപടി ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നല്‍കി ഒരുമാസം കഴിഞ്ഞിട്ടും തുടര്‍നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും സലീം മടവൂര്‍ പറഞ്ഞു. കേസില്‍ ഇന്ന് ഇഡി തങ്ങളുടെ നിലപാട് അറിയിച്ചേക്കും. നിലവില്‍ പോലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ തങ്ങളുടെ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് ഇഡിക്കുള്ളത്.

കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍ പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്തത്. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍. ധര്‍മ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.തൃശ്ശൂര്‍ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കുഴല്‍പ്പണവുമായി ബിജെപിക്ക് പങ്കില്ലെന്നും പണം ബിജെപിയുടേതല്ലെന്നും അനീഷ് പറഞ്ഞു. ധര്‍മ്മരാജ് മുറിയെടുത്ത് നല്‍കിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് മൊഴി നല്‍കിയത്.

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ 400 കോടിയോളം രൂപയുടെ കള്ളപ്പണം ഒഴുക്കിയെന്നാണ് അന്വേഷണ സംഘത്തിന്റ നിഗമനം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഉപയോഗിച്ച ഹെലിക്കോപ്റ്റര്‍ പണം കടത്തുന്നതിന് മറയാക്കിയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ചും അന്വേഷണം നടക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആദിവാസി നേതാവ് സി കെ ജാനുവിന് കെ സുരേന്ദ്രന്‍ ലക്ഷങ്ങള്‍ കൈമാറിയെന്ന ആരോപണം ദിവസങ്ങള്‍ക്കു മുമ്പ് പുറത്തുവന്നിരുന്നു.

Tags:    

Similar News