യുപിയില്‍ നിന്നും ആളെ ഇറക്കി പട്ടിയെ തല്ലുന്നതു പോലെ തല്ലും; തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കു ബിജെപി സ്ഥാനാര്‍ഥിയുടെ ഭീഷണി

തൃണമൂല്‍- ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഗട്ടാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഐപിഎസ് ഓഫിസറുമായ ഭാരതി ഘോഷിന്റെ വിവാദ പ്രസതാവന

Update: 2019-05-05 06:57 GMT

ഗട്ടാല്‍: ഉത്തര്‍ പ്രദേശില്‍ നിന്നും ആളുകളെ ഇറക്കി പട്ടികളെ തല്ലുന്ന പോലെ തൃണമൂല്‍ പ്രവര്‍ത്തകരെ തല്ലിയൊതുക്കുമെന്നു പശ്ചിമ ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥി ഭാരതി ഘോഷ്. തൃണമൂല്‍- ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ഗട്ടാല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഐപിഎസ് ഓഫിസറുമായ ഭാരതി ഘോഷിന്റെ വിവാദ പ്രസതാവന. ബിജെപിക്കാര്‍ക്കെതിരേ തിരിഞ്ഞാല്‍ തൃണമൂല്‍ പ്രവര്‍ത്തകരെ വീട്ടില്‍ നിന്നു പിടിച്ചിറക്കി പട്ടികളെ തല്ലുന്ന പോലെ തല്ലും. ഇതിനായി ഉത്തര്‍പ്രദേശില്‍ നിന്നു ആയിരത്തോളം ബിജെപിക്കാരെ ഇറക്കും. ആരാണ് ആക്രമിച്ചതെന്നു പോലും നിങ്ങള്‍ക്കു കണ്ടു പിടിക്കാന്‍ സാധിക്കില്ല. തരുന്നതിനെല്ലാം പലിശ സഹിതം തിരിച്ചു നല്‍കുക തന്നെ ചെയ്യും- ഭാരതി ഘോഷ് ഭീഷണിപ്പെടുത്തി.

ഭാരതി ഘോഷ് തൃണമൂല്‍ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. തന്റെ വായ തുറക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഭാരതിക്കു മമതയുടെ മറുപടി. ഞങ്ങള്‍ ഭാരതിയെ മല്‍സരിക്കാന്‍ വിട്ടിരിക്കുന്നു. എന്നാല്‍ അത് എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ല. ആരായാലും ശരി പരിധി ലംഘിക്കാന്‍ തങ്ങള്‍ അനുവദിക്കില്ല- മമത പറഞ്ഞു. ഭാരതിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ പാര്‍ഥ ചാറ്റര്‍ജി ആവശ്യപ്പെട്ടു. ജനങ്ങളെ തല്ലിക്കൊല്ലുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുകയാണ് ഭാരതി. വ്യക്തമായ തെളിവുകളുള്ള വിഷയത്തില്‍ കമ്മീഷന്‍ ഉടനടി നടപടി കൈക്കൊള്ളണം- ചാറ്റര്‍ജി ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിലെ മിഡ്‌നാപൂര്‍ ജില്ലയിലെ പോലിസ് മേധാവി ആയിരുന്ന ഭാരതി മമതാ ബാനര്‍ജിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ഓഫിസറായിരുന്നു. എന്നാല്‍ 2017ല്‍ സര്‍വീസില്‍ നിന്നു രാജിവച്ച ഭാരതി, ഈ വര്‍ഷം ഫെബ്രുവരിയിലാണ് ബിജെപിയില്‍ ചേര്‍ന്നത്. 

Tags:    

Similar News