നിര്‍മല സീതാരാമന്റെ വ്യാജ ഒപ്പിട്ട് രണ്ട് കോടി തട്ടി; ബിജെപി ജനറല്‍ സെക്രട്ടറിക്കെതിരേ കേസ്
ഹൈദരാബാദ് സ്വദേശിയായ മഹിപാല്‍ റെഡ്ഡി എന്ന വസ്തുക്കച്ചവടക്കാരനില്‍ നിന്ന് റാവുവും കൂട്ടരും ചേര്‍ന്ന് 2.17 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. ഫാര്‍മ എക്‌സില്‍ കമ്പനിയില്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയത്.
ഹൈദരാബാദ്: പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട കത്തു കാട്ടി 2.17 കോടി രൂപ തട്ടിയ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി ജനറല്‍ സെക്രട്ടറി പി മുരളീധര്‍ റാവു ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെയാണ് ഹൈദരാബാദ് പൊലിസ് കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശിയായ മഹിപാല്‍ റെഡ്ഡി എന്ന വസ്തുക്കച്ചവടക്കാരനില്‍ നിന്ന് റാവുവും കൂട്ടരും ചേര്‍ന്ന് 2.17 കോടി തട്ടിയെടുത്തുവെന്നാണ് കേസ്. ഫാര്‍മ എക്‌സില്‍ കമ്പനിയില്‍ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് ഇവര്‍ പണം തട്ടിയത്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫാര്‍മ എക്‌സില്‍. അന്നത്തെ വാണിജ്യ മന്ത്രിയായിരുന്ന നിര്‍മലാ സീതാരാമന്റെ ഒപ്പോട് കൂടിയ അപ്പോയിന്‍മെന്റ് ലെറ്റര്‍ കാണിച്ചാണ് റെഡ്ഡിയില്‍ നിന്ന് 2.17 കോടി രൂപ കൈപ്പറ്റിയത്. എന്നാല്‍, മഹിപാല്‍ റെഡ്ഡിക്ക് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ല. ഇതേ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ മുരളീധര്‍ റാവു ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ജില്ലാ കോടതിയെ സമീപിച്ചത്.
കോടതി നിര്‍ദേശപ്രകാരമാണ് ഇവര്‍ക്കതിരേ ഹൈദരാബാദ് പൊലിസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസ വഞ്ചന, ചതി, ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേ സമയം, ആരോപണം റാവു നിഷേധിച്ചു. വിഷയത്തില്‍ ക്രിമിനല്‍ കേസ് നേരിടുന്നവര്‍ കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്റെ ഭാഗമാണ് എഫ്‌ഐആറെന്ന് അദ്ദേഹം പറഞ്ഞു. പരാതി നല്‍കിയ സമയം ദുരുദ്ദേശപരമാണെന്നും റാവു ആരോപിച്ചു.