20 വര്‍ഷമായി ലൈസന്‍സില്ലാതെ ഓട്ടോ ഓടിച്ച ബിജെപി നേതാവ് അറസ്റ്റില്‍
'താമരയണ്ണന്‍' എന്ന ഓട്ടോയില്‍ നിറയെ താമരയും ബിജെപി നേതാക്കളുടെ ചിത്രവുമായാണ് ഇയാള്‍ ഓട്ടോ സര്‍വീസ് നടത്തിയിരുന്നത്
കൊല്ലം: 20 വര്‍ഷത്തോളമായി ലൈസന്‍സില്ലാതെ ഓട്ടോ ഓടിച്ച ബിജെപി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ശൂരനാട് കരോട്ടയ്യത്ത് യശോധരനെയാണ് പട്രോളിങ് നടത്തുകയായിരുന്ന പോലിസ് സംഘം അറസ്റ്റ് ചെയ്തത്. 'താമരയണ്ണന്‍' എന്ന ഓട്ടോയില്‍ നിറയെ താമരയും ബിജെപി നേതാക്കളുടെ ചിത്രവുമായാണ് ഇയാള്‍ ഓട്ടോ സര്‍വീസ് നടത്തിയിരുന്നത്. നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ഓട്ടോയുമായി ബിജെപിയുടെ പരിപാടി നടക്കുന്ന എല്ലായിടത്തും യശോധരന്‍ എത്താറുണ്ട്. എന്നാല്‍, ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് ഇപ്പോഴാണ് മനസ്സിലായത്.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജങ്ഷനില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മാസ്‌കില്ലാതെയും യൂനിഫോം ധരിക്കാതെയും ഓട്ടോയിലെത്തിയ യശോധരനെ പോലിസ് പിടികൂടിയതോടെയാണ് ഇയാള്‍ക്ക് ലൈസന്‍സില്ലെന്ന് മനസ്സിലായത്. പോലിസ് കണ്‍ട്രോള്‍ റൂം എസ്‌ഐ പ്രസന്നന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. തൊടിയൂര്‍ പാലത്തിനു സമീപത്തെ സ്റ്റാന്റിലാണ് ഇയാള്‍ ഓട്ടോ ഓടിച്ചിരുന്നത്. കടുത്ത മോദി ഭക്തനായ യശോധരന്‍ തന്റെ ഓട്ടോറിക്ഷയ്ക്കു മോദിജി എന്നും പേര് നല്‍കിയിരുന്നു. യശോധര പിടിയിലായ വിവരമറിഞ്ഞ് ചിലര്‍ കേസൊതുക്കാന്‍ രംഗത്തെത്തിയതായും ആരോപണമുണ്ട്. വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി കരുനാഗപ്പള്ളി സിഐ എസ് മഞ്ജുലാല്‍ അറിയിച്ചു.