ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെയും ഭാര്യയെയും സായുധര്‍ വെടിവച്ചുകൊന്നു. ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് നഗരത്തിലാണ് കുല്‍ഗാം ജില്ലയില്‍നിന്നുള്ള സര്‍പഞ്ചും ബിജെപി കിസാന്‍മോര്‍ച്ച പ്രസിഡന്റുമായ ഗുലാം റസൂല്‍ ദാറും ഭാര്യ ജവ്ഹറാ ബാനുവും വെടിയേറ്റ് മരിച്ചത്. ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അനന്ത്‌നാഗിലെ ലാല്‍ ചൗക്കില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് സായുധര്‍ ഇരുവര്‍ക്കും നേരെ വെടിയുതിര്‍ത്തതെന്ന് ബിജെപി നേതാവ് അല്‍ത്താഫ് താക്കൂറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇരുവരെയും നേരത്തെ പോലിസ് ഒരു ഹോട്ടലില്‍ സുരക്ഷിതമായി താമസിപ്പിച്ചിരിക്കുകയായിരുന്നു. അവരുടെ അപേക്ഷ പ്രകാരമാണ് വാടകവീട്ടിലേക്ക് താമസം മാറാന്‍ അനുവദിച്ചതെന്ന് ഐജി വിജയ് കുമാര്‍ പ്രതികരിച്ചു. കൊലപാതകത്തിന് പിന്നില്‍ ലഷ്‌കര്‍ ഇ തൊയ്യിബയാണെന്ന് സംശയിക്കുന്നതായി പോലിസ് അറിയിച്ചു. ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് താഴ്‌വരയിലെ പൂഞ്ച് ജില്ലയിലെ ഒരു ഒളിത്താവളത്തില്‍നിന്ന് സുരക്ഷാസേന വലിയ ആയുധ ശേഖരം പിടിച്ചെടുത്തിരുന്നു.
രണ്ട് എകെ 47 തോക്കുകള്‍, നാല് എകെ 47 മാഗസിനുകള്‍, ചൈനീസ് പിസ്റ്റള്‍, 10 പിസ്റ്റള്‍ മാഗസിനുകള്‍, നാല് ചൈനീസ് ഗ്രനേഡുകള്‍, 257 റൗണ്ട് എകെ 47 വെടിയുണ്ടകള്‍ എന്നിവയും ഉള്‍പ്പെടുന്നു. ശനിയാഴ്ച കുല്‍ഗാമില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദികളോും അവരെ പിന്തുണയ്ക്കുന്നവരോടും ഒരു കരുണയുമുണ്ടാവില്ലെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് കൊലപാതകമുണ്ടായിരിക്കുന്നത്.