ഹലാല്‍ വിഷയം: സുരേന്ദ്രനെ തള്ളിയതിനു പിന്നാലെ സന്ദീപ് വാര്യറുടെ വീട്ടിനു നേരെ അതിക്രമം; ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു
ഫേസ് പോസ്റ്റിന് താഴെ കെ സുരേന്ദ്രന്‍ അനുകൂലികള്‍ തെറി വിളിയുമായി അണിനിരയ്ക്കുകയും വീടിനു നേരെ അതിക്രമവുമുണ്ടായ പശ്ചാത്തലത്തില്‍ സന്ദീപ് വാര്യര്‍ ഹലാലിനെ അനുകൂലിച്ചുള്ള പോസ്റ്റ് പിന്‍വലിച്ച് തടിയൂരി.
പാലക്കാട്: ഹലാല്‍ വിഷയത്തില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നിലപാടിനെ തള്ളിപ്പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനു പിന്നാലെ സന്ദീപ് വാര്യറുടെ വീട്ടിനു നേരെ അതിക്രമം. ഫേസ് പോസ്റ്റിന് താഴെ കെ സുരേന്ദ്രന്‍ അനുകൂലികള്‍ തെറി വിളിയുമായി അണിനിരയ്ക്കുകയും വീടിനു നേരെ അതിക്രമവുമുണ്ടായ പശ്ചാത്തലത്തില്‍ സന്ദീപ് വാര്യര്‍ ഹലാലിനെ അനുകൂലിച്ചുള്ള പോസ്റ്റ് പിന്‍വലിച്ച് തടിയൂരി.
ഭക്ഷണത്തില്‍ മതം കലര്‍ത്തുന്നത് ശരിയല്ല എന്നായിരുന്നു ഈ വിഷയത്തില്‍ സന്ദീപിന്റെ നിലപാട്. ഹലാല്‍ വിഷയം പ്രചാരണായുധം ആക്കാന്‍ ഉദ്ദേശിച്ച ബിജെപി അധ്യക്ഷന്റെ വാദത്തെ തള്ളിക്കൊണ്ടായിരുന്നു വാര്യര്‍ ഈ നിലപാട് സ്വീകരിച്ചത്.
ഇതിനിടെയാണ് വീടിന് നേരെ അജ്ഞാതരുടെ ആക്രമണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പാലക്കാട് ചെത്തല്ലൂരിലെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ദ്യശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. സന്ദീപ് വാര്യരുടെ അച്ഛനും അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇന്ന് പുലര്‍ച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടില്‍ അതിക്രമിച്ച് കയറിയ അപരിചതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചതായി സന്ദീപ് ജി വാര്യര്‍ ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട് എന്നും സന്ദീപ് പറഞ്ഞു.
ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രന്റെ നിലപാടുകളെ തള്ളി ഇന്നലെ സന്ദീപ് രംഗത്തുവന്നത് വലിയ ചര്‍ച്ചയായിരുന്നു. ഹലാല്‍ ഭക്ഷണ വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്വീകരിച്ച നിലപാടിന് വിരുദ്ധമായ നിലപാടുമായാണ് സന്ദീപ് വാര്യര്‍ രംഗത്തു വന്നത്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് സന്ദീപ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.
ഒരു മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാണ്. അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോയെന്നും അദ്ദേഹം സംസ്ഥാന നേതൃത്വത്തോട് ചോദിക്കുന്നു.
തന്റെ വ്യക്തിപരമായ നിരീക്ഷമാണിത് എന്ന വാദത്തോടെയാണ് സന്ദീപിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇല്ലാതാകുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പറയുന്നു.
പാര്‍ട്ടി വക്താക്കള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തരുത് എന്ന് ഈ മാസം രണ്ടാം തീയതി തിരുവനന്തപുരത്ത് ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയുള്ള സന്ദീപിന്റെ അഭിപ്രായ പ്രകടനത്തില്‍ ബിജെപി സംസ്ഥാനനേതൃത്വത്തിന് അതൃപ്തിയുണ്ട്.
അതിനിടെ സന്ദീപ് വാര്യരോട് മറുപടി പറയാനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. 'കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ യാദൃശ്ചികമല്ല കൃത്യമായ അജണ്ടയുണ്ട്.' എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സന്ദീപ് വാര്യറുടെ പ്രസ്താവന തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്.