വര്‍ഗീയ പ്രസംഗം: പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി; ബിഷപ്പിന്റേത് സുചിന്തിതമായ അഭിപ്രായമെന്ന് വി മുരളീധരന്‍
കോഴിക്കോട്: വര്‍ഗീയ പ്രസംഗം നടത്തി സാമുദായിക ധ്രൂവീകരണത്തിന് ശ്രമം നടത്തിയ പാലാ ബിഷപ്പ് പിന്തുണയുമായി ബിജെപി. കേരളത്തില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന വൈകാരിക അഭിപ്രായമല്ലെന്നും എഴുതിവായിച്ച സുചിന്തിത അഭിപ്രായമാണെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വി മുരളീധരന്‍. അതിനെതിരെ പറഞ്ഞതുകൊണ്ട് സത്യങ്ങള്‍ ഇല്ലാതാവില്ലെന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നവര്‍ മനസിലാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയും ഇതിനെതിരെ പറയുമ്പോള്‍ അവര്‍ ജിഹാദികളുടെ വക്താക്കളാണോ എന്ന ചോദ്യമുയരുന്നു. മുസ് ലിംകളെ മഴുവന്‍ മോശക്കാരായി ചിത്രീകരിക്കുന്നതിനെ ആരും പിന്തുണക്കുന്നില്ല. താനും അതിനെ എതിര്‍ക്കും. എന്നാല്‍ ചില ജിഹാദികള്‍ നടത്തുന്ന കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ അത് പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ല. തോമസ് മാഷുടെ കൈ വെട്ടിയ കാലം കഴിഞ്ഞെന്നും ഇനി അത് നടക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കേരളത്തില്‍ ഐഎസ് സ്ലീപ്പിങ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പറഞ്ഞത് മുന്‍ ഡിജിപിയാണ്. അദ്ദേഹത്തെക്കാള്‍ ആധികാരികമായി ആരാണ് കേരളത്തിലെ തീവ്രവാദത്തെക്കുറിച്ച് പറയേണ്ടതെന്നും മുരളീധരന്‍ ചോദിച്ചു.
അതേസമയം നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്ന വിദ്വേഷ പരാമര്‍ശത്തില്‍ ഉറച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും കത്തോലിക്ക സഭയും. ബിഷപ്പിനെ പിന്തുണച്ചുകൊണ്ട് 'ദീപിക' ദിനപത്രം ഇന്ന് മുഖപ്രസംഗമെഴുതി. ദീപികയില്‍ പ്രസംഗത്തിന്റെ പൂര്‍ണ രൂപം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ച് സിഎംഐ വൈദികന്റെ പ്രത്യേക ലേഖന പരമ്പരയും ദീപികയില്‍ ആരംഭിച്ചു. അതേസമയം വിവാദ പ്രസംഗത്തിനെതിരേ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പടെ യുവജന സംഘടനകളും രംഗത്ത് വന്നിട്ടും കേസെടുക്കാന്‍ പോലിസ് തയ്യാറായിട്ടില്ല. എന്‍സിഎച്ച്ആര്‍ഒ ഉള്‍പ്പടെ നിരവധി സംഘടനകളും നിരവധി വ്യക്തികളും ബിഷപ്പിനെതിരേ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറാവാത്ത പോലിസ് നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.