പുതിയ നോയിഡ വിമാനത്താവളമെന്ന് അവകാശപ്പെട്ട് ബിജെപി നേതാക്കള്‍ പ്രചരിപ്പിച്ചത് ചൈനീസ് വിമാനത്താവളം

ഈ മാസം 25ന് ഉത്തര്‍പ്രദേശിലെ ജെവാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന് തറക്കല്ലിട്ടതിനു പിന്നാലെയായിരുന്നു ബിജെപി നേതാക്കളും സംഘപരിവാര സൈബര്‍ അണികളും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്.

Update: 2021-11-28 06:16 GMT

ന്യൂഡല്‍ഹി: പുതിയ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഇതുപോലെയായിരിക്കുമെന്ന് അവകാശപ്പെട്ട് ബിജെപി നേതാക്കളും സംഘ്പരിവാര്‍ അനുകൂലികളായ സാമൂഹിക മാധ്യമ ഉപയോക്താക്കളും വ്യാപകമായി പങ്കുവച്ച ചിത്രം ചൈനീസ് വിമാനത്താവളത്തിന്റേത്.


ഈ മാസം 25ന് ഉത്തര്‍പ്രദേശിലെ ജെവാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളത്തിന് തറക്കല്ലിട്ടതിനു പിന്നാലെയായിരുന്നു ബിജെപി നേതാക്കളും സംഘപരിവാര സൈബര്‍ അണികളും ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചത്.

ഇറാഖി ആര്‍ക്കിടെക്റ്റ് രൂപകല്‍പന ചെയ്ത ചൈനയിലെ ബീജിംഗ് ഡാക്‌സിങ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചിത്രമാണ് സംഘം നോയിഡയിലെ വിമാനത്താവളമെന്ന പേരില്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ബിജെപി മുന്‍ പാര്‍ലമെന്റ് അംഗം കന്‍വര്‍ സിംഗ് തന്‍വര്‍ ആണ് ഹിന്ദിയിലെഴുതിയ കുറിപ്പിനൊപ്പം ഫേസ്ബുക്കില്‍ ഈ ചിത്രം ആദ്യം പങ്കുവച്ചത്. 'നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ' ശിലാസ്ഥാപനത്തോടെ പശ്ചിമ ഉത്തര്‍പ്രദേശ് വികസനത്തിലേക്ക് ഒരു പുതിയ വാതായനം സ്വീകരിച്ചു. ഈ അവസരത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുകയും പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്യുന്നു എന്നായിരുന്നു ഈ ഫോട്ടോയ്‌ക്കൊപ്പം കന്‍വര്‍ കുറിച്ചത്.


ഇതേ വിമാനത്താവളത്തിന്റെ ഫോട്ടോ ഉള്‍ക്കൊള്ളുന്ന 1:58 മിനിറ്റ് വീഡിയോ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റെ ഓഫിസും വിദ്യാഭ്യാസ സഹമന്ത്രി അന്നപൂര്‍ണയുടെ ഓഫീസ് ഉള്‍പ്പെടെ നിരവധി ബിജെപി നേതാക്കള്‍ പങ്കിട്ടിരുന്നു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളും സമാന അവകാശവാദവുമായി ഈ ചിത്രം പങ്കുവച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ലണ്ടന്‍ ആസ്ഥാനമായുള്ള ആര്‍ക്കിടെക്ചര്‍ മാസികയായ ഡി സീനില്‍ 015ല്‍ പ്രസിദ്ധീകരിച്ചതാണ്. ബീജിങിലെ 'ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് പാസഞ്ചര്‍ ടെര്‍മിനലിന്റെ' ഡിസൈനുകള്‍ സഹ ഹദീദ് അനാച്ഛാദനം ചെയ്യുന്നു എന്ന അടിക്കുറിപ്പിലായിരുന്നു ഈ ചിത്രം ഡി സീനില്‍ പ്രസിദ്ധീകരിച്ചിരുന്നത്.

ബീജിങ് ന്യൂ എയര്‍പോര്‍ട്ട് എന്നും അറിയപ്പെടുന്ന ബീജിങ് ഡാക്‌സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (പികെഎക്‌സ്) ഉപരിതല വിസ്തീര്‍ണ്ണം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണക്കാക്കപ്പെടുന്നു. 2015ല്‍ നിര്‍മ്മാണം ആരംഭിച്ച വിമാനത്താവളം 2019 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഡിസൈന്‍




നവംബര്‍ 24ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വിമാനത്താവളത്തിന്റെ ഗ്രാഫിക്കല്‍ ഡിസൈന്‍ പങ്കിട്ടു, അത് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ചിത്രവുമായി സാമ്യമില്ല.





Tags:    

Similar News