മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ്: വര്‍ഗീയ കാര്‍ഡിറക്കി ബിജെപി; മണ്ഡലങ്ങളിലുടനീളം രാമക്ഷേത്രത്തിനുള്ള ഇഷ്ടികകളുമായി രഥയാത്ര

വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാവും തങ്ങളുടെ പ്രചാരണമെന്ന് ബിജെപി ഔദ്യോഗികമായി അവകാശപ്പെടുമ്പോള്‍ തന്നെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നിലധികം 'രാംശില പൂജന്‍ രഥയാത്ര'കള്‍ പാര്‍ട്ടി ആസൂത്രണം ചെയ്തതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു.

Update: 2020-09-05 17:40 GMT

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ 27 മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അയോധ്യയിലെ രാമക്ഷേത്രത്തെ സുപ്രധാന പ്രചാരണ ഉപാധിയാക്കാനൊരുങ്ങി ബിജെപി. വികസനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചാവും തങ്ങളുടെ പ്രചാരണമെന്ന് ബിജെപി ഔദ്യോഗികമായി അവകാശപ്പെടുമ്പോള്‍ തന്നെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നിലധികം 'രാംശില പൂജന്‍ രഥയാത്ര'കള്‍ പാര്‍ട്ടി ആസൂത്രണം ചെയ്തതായി ബിജെപി വൃത്തങ്ങള്‍ പറയുന്നു. യാത്രയുടെ ഭാഗമായി, വെള്ളിയും മറ്റ് ലോഹങ്ങളും കൊണ്ട് നിര്‍മ്മിച്ച രാംശിലകളെ രഥത്തില്‍ മണ്ഡലങ്ങളിലുടനീളം പ്രത്യേകിച്ച് ഗ്രാമങ്ങളിലൂടെ എഴുന്നള്ളിച്ച് പ്രാര്‍ഥനകള്‍ നടത്തിയ ശേഷം അയോധ്യയിലേക്ക് കൊണ്ടുപോവാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

എംപി ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനായ സംസ്ഥാന മന്ത്രി ഗോവിന്ദ് രജ്പുത് ബുണ്ടേല്‍ഖണ്ഡിലെ സാഗര്‍ ജില്ലയിലെ സുരഖി നിയോജകമണ്ഡലത്തില്‍ ബുധനാഴ്ച ഇത്തരമൊരു യാത്രക്ക് തുടക്കംകുറിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം സിന്ധ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിട്ട 25 എംഎല്‍എമാരില്‍ ഒരാളായ രജപുത് ഉപതെരഞ്ഞെടുപ്പ് വേളയില്‍ സുരഖയില്‍നിന്നു ജനവിധി തേടാന്‍ തയ്യാറെടുക്കുകയാണ്. 11 ദിവസം നീളുന്ന യാത്ര മുഴുവന്‍ നിയമസഭാ മണ്ഡലത്തിലും പര്യടനം നടത്തും. വരും ദിവസങ്ങളില്‍ ഇത്തരം കൂടുതല്‍ യാത്രകള്‍ക്ക് തുടക്കംകുറിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. പ്രത്യേകിച്ചും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളിലെല്ലാം രഥയാത്രയുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ബിജെപി നേതൃത്വം ഒരുങ്ങുന്നത്.

വികസന അജണ്ടകളൊന്നും ചൂണ്ടിക്കാണിക്കാനില്ലാത്തതിനാല്‍ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടംകൈവരിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

Tags:    

Similar News