പള്ളികളിലെ ഉച്ചഭാഷിണി: മഹാരാഷ്ട്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ബിജെപിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ബഹിഷ്‌കരിച്ചു
മുംബൈ: മുസ്‌ലിം പള്ളികളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരായ പ്രതിഷേധങ്ങള്‍ക്കിടെ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗം ബിജെപിയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും ബഹിഷ്‌കരിച്ചു. പള്ളികളില്‍ ഉച്ചഭാഷണി വഴിയുള്ള ബാങ്ക് വിളി നിരോധിക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും എംഎന്‍എസ്സും ഹിന്ദുത്വ സംഘടനകളുമാണ് സംസ്ഥാനത്ത് മുറവിളി കൂട്ടുന്നത്. രാവിലെ 11 മണിക്ക് സഹ്യാദ്രി ഗസ്റ്റ് ഹൗസിലാണ് സര്‍വകക്ഷി യോഗം വിളിച്ചത്.
ഉച്ചഭാഷിണി വിഷയം സംബന്ധിച്ച് സുപ്രിംകോടതിയുടെ 2005ലെ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രണ്ട് നേതാക്കളെ വീതം ക്ഷണിച്ചതെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സെ പാട്ടീല്‍ പറഞ്ഞു. ഉച്ചഭാഷിണി വിഷയത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് മൂന്നിനുള്ളില്‍ പള്ളികളിലെ ലൗഡ് സ്പീക്കറുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ പള്ളികള്‍ക്ക് മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്നായിരുന്നു താജ് താക്കറെയുടെ ഭീഷണി. ഇത് കണക്കിലെടുത്ത് ഉച്ചഭാഷിണി പ്രശ്‌നത്തിലും സംസ്ഥാനത്ത് ക്രമസമാധാന പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കുന്നതിനുമായാണ് അടിയന്തര സര്‍വകക്ഷിയോഗം വിളിച്ചത്.
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെയെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ബിജെപി നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാല്‍സും ഉപമുഖ്യമന്ത്രി അജിത് പവാറും യോഗത്തില്‍ അധ്യക്ഷനായത്. മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിട്ട് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നതായി ആഭ്യന്തരമന്ത്രി ആരോപിച്ചു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് പുറത്ത് ഹനുമാന്‍ ചാലിസ പാരായണം ചെയ്യുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സ്വതന്ത്ര എംപി നവനീത് റാണയെയും അവരുടെ ഭര്‍ത്താവ് രവി റാണ എംഎല്‍എയെയും അറസ്റ്റ് ചെയ്തതിന് ശേഷമാണ് അദ്ദേഹം അഭിപ്രായപ്രകടനം നടത്തിയത്.
പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യാനും ഹനുമാന്‍ ചാലിസ ചൊല്ലാനുമുള്ള ആവശ്യങ്ങള്‍ക്ക് പിന്നില്‍ ബിജെപിയാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്തും അടുത്തിടെ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് ത്രികക്ഷി മഹാ വികാസ് അഘാഡി (എംവിഎ) സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാനുള്ള ഗൂഢാലോചന നടക്കുന്നതായി ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതിനിടെ, അഞ്ച് പാര്‍ട്ടി എംഎല്‍എമാര്‍ അടങ്ങുന്ന ബിജെപി പ്രതിനിധി സംഘം ഡല്‍ഹിയില്‍ ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയെ കാണുകയും മുന്‍ ലോക്‌സഭാ എംപി കിരിത് സോമയ്യയെ മഹാരാഷ്ട്രയില്‍ ശിവസേന പ്രവര്‍ത്തകര്‍ കഴിഞ്ഞയാഴ്ച ആക്രമിച്ചുവെന്ന് ആരോപിച്ച് വിശദമായ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 'മഹാരാഷ്ട്രയിലെ സ്ഥിതിഗതികളെക്കുറിച്ച് ഞങ്ങള്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി വിശദമായ ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ നിന്ന് പ്രത്യേക സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി- സോമയ്യ പറഞ്ഞു. ഏപ്രില്‍ 23 ന് ഖാര്‍ പോലിസ് സ്‌റ്റേഷന് പുറത്ത് ശിവസേനയുടെ 70-80 പ്രവര്‍ത്തകര്‍ സോമയ്യയെ ആക്രമിച്ചതായി പ്രതിനിധി സംഘം സമര്‍പ്പിച്ച മെമ്മോറാണ്ടത്തില്‍ പറയുന്നു.