ഇന്ത്യ-ചൈന സംഘര്‍ഷം: പരിക്കേറ്റത് 76 സൈനികര്‍ക്ക്; സൈനികതല ചര്‍ച്ച ഇന്നും തുടരും, പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്
ഗല്‍വാന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരമാണിത്.
ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ഉന്നതതല സൈനിക ചര്‍ച്ചകള്‍ ഇന്നും തുടരും. ഇന്നലത്തെ ചര്‍ച്ചയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നതിനെത്തുടര്‍ന്നാണ് ഇന്ന് മേജര്‍ ജനറല്‍മാര്‍ വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. ഗല്‍വാന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരമാണിത്.
ഇന്ത്യയുടെ ഭാഗം കേള്‍ക്കാനും ചര്‍ച്ചകള്‍ തുടരാനുള്ള സന്നദ്ധതയും ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സ്ഥിതിഗതിയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിര്‍ത്തിയിലെ തര്‍ക്ക മേഖലയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കണമെന്നും ടെന്റുകള്‍ മാറ്റണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. ചൈന സ്വന്തം അതിര്‍ത്തിയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കി നിര്‍ത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് സൈനിക വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം, സംഘര്‍ഷത്തില്‍ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാല്‍ 76 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതില്‍ 18 പേര്‍ കാശ്മതിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും ബാക്കി 58 പേര്‍ വിവിധ ആശുപത്രികളില്‍ ഉണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ സംഘര്‍ഷത്തില്‍ 10 ഇന്ത്യന്‍ സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം, ജൂണ്‍ 23ന് നടക്കുന്ന റഷ്യ ഇന്ത്യ- ചൈന ആര്‍ഐസി ഉച്ചകോടിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പത്ത് ഇന്ത്യന്‍ സൈനികരെ ചൈന തടഞ്ഞ് വച്ചിരുന്നതായും സമ്മര്‍ദ്ദഫലമായി വിട്ടയച്ചെന്നും ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വാര്‍ത്ത സൈന്യം സ്ഥിരീകരിച്ചിട്ടില്ല. അതോടൊപ്പം ചൈന അതിര്‍ത്തിയില്‍ ബുള്‍ഡോസറുകള്‍ എത്തിച്ച് നിര്‍മ്മാണപ്രവര്‍ത്തനം തുടരുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തില്‍ സോണിയ ഗാന്ധി, മമത ബാനര്‍ജി, ശരദ് പവാര്‍, നിതീഷ് കുമാര്‍, സീതാറാം യെച്ചൂരി, എംകെ സ്റ്റാലിന്‍, ജഗന്‍മോഹന്‍ റെഡ്ഡി, ഡി രാജ തുടങ്ങിയവര്‍ പങ്കെടുക്കും. തിങ്കളാഴ്ചത്തെ സംഘര്‍ഷത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരം സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥര്‍ ഇക്കാര്യം വിശദീകരിക്കും. പ്രശ്‌നപരിഹാരത്തിന് നടക്കുന്ന ചര്‍ച്ചകളും വിശദീകരിക്കും. നയതന്ത്രതലത്തിലും ഇരുരാജ്യങ്ങളും ചര്‍ച്ച തുടരും.